ഇന്ത്യ ഗേറ്റിന് സമീപം കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു,കര്‍ഷക ബില്ലിനെതിരായ പ്രതിഷേധം ശക്തം

ദില്ലി: കര്‍ഷക ബില്ലുകള്‍ക്കെതിരെ ആളിക്കത്തി പ്രതിഷേധം.ദില്ലി ഇന്ത്യ ഗേറ്റിനു സമീപം കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു പ്രതിഷേധിച്ചു. അതീവ സുരക്ഷാ മേഖലയിലാണ് കര്‍ഷകര്‍ പോലീസ് നിയന്ത്രണങ്ങള്‍ മറികടന്നു പ്രതിഷേധിച്ചത്. ഇന്ത്യ ഗേറ്റിനു മുന്നില്‍ വരെ പ്രതിഷേധം എത്തിയത് കേന്ദ്രസര്‍ക്കാരിനും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ഇതോടെ ദില്ലിയിലും അതിര്‍ത്തിമേഖലകളിലും സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.രാജ്യതലസ്ഥാനത്തേക്ക് കര്‍ഷക പ്രക്ഷോഭം വ്യാപിക്കാതിരിക്കാനുള്ള പോലീസിന്റെ നിയന്ത്രണങ്ങള്‍ മറികടന്ന് കൊണ്ടാണ് കര്‍ഷകര്‍ ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയത്.

7.45ഓടെ 20ഓളം കര്‍ഷകര്‍ ഇന്ത്യ ഗേറ്റിന് മുന്നില്‍ എത്തുകയും ട്രാക്ടര്‍ കത്തിക്കുകയും ചെയ്തു.പ്രതിഷേധങ്ങളെ വകവെക്കാതെ കര്‍ഷക ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് രാജ്യതലസ്ഥാനത്തേക്കും പ്രക്ഷോഭം വ്യാപിക്കുന്നത്. അതീവ സുരക്ഷാ മേഖല കൂടിയാണ് ഇന്ത്യ ഗേറ്റ്. സമരങ്ങള്‍ക്കോ, പ്രതിഷേധങ്ങള്‍ക്കോ അനുവാദമില്ല. എന്നാല്‍ ഇവ മറികടനുളള കര്‍ഷകരുടെ പ്രതിഷേധം വിരല്‍ ചൂണ്ടുന്നത് ദില്ലി പോലീസിന്റെ സുരക്ഷ വീഴ്ചയിലേക്കും.അന്വേഷണം ആരംഭിച്ച പോലീസ് പഞ്ചാബി സ്വദേശികളായ ചിലരെ കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു അതിര്‍ത്തിയിലടക്കം സുരക്ഷാ കര്‍ശനമാക്കി.

Loading...