ദില്ലി ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജെയിന് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാമത്തെ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. രോ​ഗലക്ഷണങ്ങൾ മാറ്റമില്ലാതെ തുടരുന്നതു കൊണ്ടാണ് അദ്ദേഹത്തെ രണ്ടാമതും കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. ഇന്നലെ അദ്ദേഹത്തിന്റെ പരിശോധന ഫലം നെ​ഗറ്റീവായിരുന്നു. ശ്വാസ തടസവും പനിയും തുടർന്നതിനാൽ വീണ്ടും പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിൽ ഫലം പോസിറ്റീവാകുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കേജ്‌രിവാൾ, ഡൽഹി ലഫ്. ഗവർണർ അടക്കമുള്ളവരുമായി സത്യേന്ദ്ര ജെയ്ൻ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നിലവിൽ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.

Loading...

അതേസമയം രാജ്യത്തു പ്രതിദിനം 3 ലക്ഷം കോവിഡ് പരിശോധന നടത്താൻ സൗകര്യമുണ്ടെങ്കിലും നടക്കുന്നതു പകുതി മാത്രമാണ്. തിങ്കളാഴ്ച നടന്നത് 1.54 ലക്ഷം പരിശോധനകളാണ്. ഞായറാഴ്ച 1.11 ലക്ഷവും. പരിശോധന വർധിപ്പിക്കണമെന്നു സർക്കാർ തീരുമാനിച്ചിട്ടും ഫലമുണ്ടായില്ല. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 11,974 പേര്‍ രോഗ ബാധിതരായി എന്നാണ് പുതിയ കണക്ക്. ആകെ കൊവിഡ് മരണങ്ങൾ 11,903 ആയി ഉയർന്നു. മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങള്‍ നേരത്തെ പുറത്തുവിടാതിരുന്ന കണക്കുകള്‍ പുറത്തുവിട്ടതാണ് മരണ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. മഹാരാഷ്ട്ര 1328 പേരുടെ മരണവും ദില്ലി 437 പേരുടെ മരണവുമാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്.