ദില്ലി: വന്ദേഭാരത് മിഷന്റെ ഭാഗമായി ദില്ലിയിൽ നിന്ന് മോസ്കോയിലേക്ക് പുറപ്പെട്ട വിമാനം തിരികെവിളിച്ചു. പൈലറ്റിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മോസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചത്. മോസ്ക്കോയിലേക്ക് പുറപ്പെട്ട വിമാനം ഉസ്ബകിസ്ഥാനിലെത്തിയപ്പോഴാണ് പൈലറ്റുമാരിൽ ഒരാൾക്കു കൊറോണ സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വിമാനം ഡൽഹിയിൽ തിരിച്ചെത്തി. ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഈ വിമാനം അണുനശീകരണം നടത്തും. ഉച്ചയ്ക്കുശേഷം മറ്റൊരു വിമാനം മോസ്കോയിലേക്ക് അയയ്ക്കും.
വിമാനം മോസ്കോയിലേക്കു യാത്ര തിരിക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ പൈലറ്റിന് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽഅപ്പോൾ പരിശോധിച്ച സംഘം ഫലം നെഗറ്റീവാണെന്ന് അറിയിച്ചിരുന്നു. ഈ പരിശോധനാഫലം ലഭിച്ചതിനെ തുടർന്നാണ് മോസ്കോയിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ദൗത്യസംഘത്തിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് വിമാനം തിരികെ വിളിക്കുകയായിരുന്നു. വിമാനത്തിൽ പൈലറ്റുമാരും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.
എയർ ഇന്ത്യാ വിമാനം പുറപ്പെട്ട ശേഷമാണ് പൈലറ്റിന്റെ പരിശോധനാ ഫലം എത്തിയത്. മറ്റ് ജീവനക്കാരെ കരുതൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രവാസികളെ എത്തിക്കാൻ മറ്റൊരു വിമാനം അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വന്ദേ ഭാരത് മൂന്നാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ന് ഒമ്പത് വിമാനങ്ങള്‍ നാട്ടിലെത്തും. അഞ്ച് വിമാനങ്ങള്‍ യുഎഇയില്‍ നിന്നും കുവൈത്ത്, ദോഹ, മസ്‌കറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് മറ്റ് സര്‍വീസുകള്‍.