ന്യൂഡല്‍ഹി: എയിംസിന് നേര്‍ക്കു നടന്ന സൈബര്‍ ആക്രമണത്തില്‍ ഇന്റര്‍പോള്‍ സഹായം തേടാന്‍ ഡല്‍ഹി പോലീസ്. സൈബര്‍ ആക്രമണം നടത്താനുപയോഗിച്ച, ചൈനയിലെ ഹെനാനില്‍നിന്നും ഹോങ് കോങ്ങില്‍നിന്നുമുള്ള ഇ മെയില്‍ വിലാസങ്ങളുടെ ഐ.പി. അഡ്രസുകള്‍ ലഭ്യമാക്കാന്‍ ഇന്റര്‍പോളിനോട് അഭ്യര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സി.ബി.ഐയ്ക്ക് കത്തെഴുതി.
ഡല്‍ഹി എയിംസിനു നേര്‍ക്ക് നവംബര്‍ 23-നാണ് സൈബര്‍ ആക്രമണം നടന്നത്. . എയിംസിന്റെ നൂറ് സെര്‍വറുകളിലെ അഞ്ച് ഫിസിക്കല്‍ സെര്‍വറുകളാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി ഐ.എഫ്.എസ്.ഒ. കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് സെര്‍വറിലെ വിവരങ്ങള്‍ പുനഃസ്ഥാപിക്കുകയും സുരക്ഷാച്ചുമതല വഹിച്ചിരുന്ന രണ്ട് അനലിസ്റ്റുകളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തിൽ ഡല്‍ഹി പോലീസിനെ കൂടാതെ എന്‍.ഐ.എ., ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം, ഡല്‍ഹി സൈബര്‍ ക്രൈം സ്പെഷല്‍ സെല്‍, സി.ബി.ഐ., ഐ.ബി. തുടങ്ങിയവരും അന്വേഷണം നടത്തി വരികയാണ്.