കൊവിഡ് രോ​ഗി പിപിഇ കിറ്റ് വലിച്ചെറിഞ്ഞു: പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് പോലീസ്: രോ​ഗമുക്തിക്ക് ശേഷം അറസ്റ്റ്

ദില്ലി: ഉപയോ​ഗ ശേഷം വലിച്ചെറിഞ്ഞ പിപിഇ കിറ്റ് മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ പിപിഇ കിറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞ വ്യക്തിക്കെതിരെ കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി. പിപിഇ കിറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞ വ്യക്തി കൊറോണ രോ​ഗിയാണെന്നാണ് വിവരം. സം​ഗീത സംവിധായകൻ ശന്തനു മോയിത്രയാണ് ഈ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

ഇയാളെ കണ്ടെത്തിയതായും പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തതായും ഇപ്പോൾ ചികിത്സയിലുള്ള ഇയാളെ ​രോ​ഗമുക്തി നേടിയതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. വയോധികരായ ആളുകൾ താമസിക്കുന്ന സൗത്ത് ദില്ലിയിലെ സിആർ പാർക്ക് പ്രദേശത്താണ് ഇത്തരത്തിൽ പിപിഇ കിറ്റ് വലിച്ചെറിഞ്ഞത്. ആംആദ്മി പാർട്ടി എംഎൽഎ അതിഷി മർലേനയെ ടാ​ഗ് ചെയ്താണ് മൊയിത്ര സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് കേസ് ഫയൽ ചെയ്തു. അന്വേഷണത്തിൽ കൊവിഡ് രോ​ഗിയാണ് ഈ പ്രവർത്തിക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇയാൾ രോ​ഗമുക്തി നേടിയതിന് ശേഷം മറ്റ് നിയമനടപടികളിലേക്ക് നീങ്ങും.

Loading...

കൊവിഡ് രോ​ഗികളായ ഏതെങ്കിലും വ്യക്തികൾ പുറന്തളളിയ പിപിഇ കിറ്റാകാം ഇത്. വളരെ അപകടകരമായ പ്രവർത്തിയാണിത്. കാരണം ഈ പ്രദേശത്ത് ധാരാളം വയോധികരായ ആളുകൾ താമസിക്കുന്നുണ്ട്. അവർ പരിഭ്രാന്തരാകും. എത്രയും വേ​ഗം അധികാരികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നായിരുന്നു ട്വീറ്റിൽ കുറിച്ചത്. അതേസമയം രാജ്യത്തെ കോവിഡ് ബാധിതർ 18 ലക്ഷം കവിഞ്ഞു. 52972 പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരിയപ്പയുടെ മകൾക്കും കോവിഡ്. മുഖ്യമന്ത്രിയുമായി 3 ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ആരോഗ്യനിലയിൽ പ്രശനമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.ഐ. സി. എം. ആർ നടത്തുന്ന ആന്റിജൻ റാപിഡ് പരിശോധന രാജ്യത്ത് രണ്ട് കോടി കവിഞ്ഞു.