ഡൽഹി കലാപത്തിൻ്റെ ഗൂഢാലോചനയിൽ സീതാറാം യെച്ചൂരിയ്ക്ക് പങ്കെന്ന് അനുബന്ധ കുറ്റപത്രം

ഡൽഹി കലാപത്തിൻ്റെ ഗൂഢാലോചനയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പങ്കെന്ന് അനുബന്ധ കുറ്റപത്രം. കലാപത്തിൽ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ച് പങ്കെടുപ്പിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്.

യെച്ചൂരിക്കൊപ്പം സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദ ജയതി ഘോഷ്, ദില്ലി സർവകലാശാല അധ്യാപകനും സന്നദ്ധ പ്രവർത്തകനുമായ അപൂർവ്വാനന്ദ്, രാഹുൽ റോയ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

Loading...

എന്നാൽ, ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ഇവർ കലാപത്തിനു പ്രേരിപ്പിച്ചു എന്ന് അറസ്റ്റിലായ വിദ്യാർത്ഥികൾ പറഞ്ഞു എന്ന് കുറ്റപത്രത്തിൽ പറയുന്നു. നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. പൌരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്. പൌരത്വ ഭേദഗതി നിയമവും പൌരത്വ നിയമവും മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അതുവഴി ഇന്ത്യൻ സർക്കാറിൽ അവമതിപ്പുണ്ടാക്കാനുമുള്ള ശ്രമമുണ്ടായതായും അനുബന്ധ കുറ്റപത്രം പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സീതാറാം യെച്ചൂരി തന്നെ ഇതിനൊട് പ്രതികരിച്ചിട്ടുണ്ട്. ഡൽഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. പ്രതിപക്ഷത്തിൻ്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുകയാണ്. ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഫെബ്രുവരി 23 നും 26 നും ഇടയിൽ നോർത്ത് ഈസ്റ്റ് ജില്ലയിൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 581 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 97 പേർക്ക് വെടിയേറ്റ് മുറിവേൽക്കുകയും ചെയ്തിരുന്നു.