ദില്ലിയിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദില്ലി: നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. വളരെയധികം പണിപ്പെട്ടാണ് ഇയാളെ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. നിസാമുദ്ദീനിലെ ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ കൊവിഡ് ബാധ കൂടി വരികയാണ്. തമിഴ്‌നാട്ടില്‍ 110 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ സ്ഥിരീകരിച്ചത് 386 കോവിഡ് 19 കേസുകളെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1637 ആയി. 38 പേർ മരിച്ചു. 132 പേരുടെ രോഗം ഭേദമായി. ഇന്നു രോഗം സ്ഥിരീകരിച്ച് ഭൂരിഭാഗം പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നും അതുകൊണ്ടുതന്നെ ഇതു ദേശീയ പ്രവണതയല്ല കാണിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Loading...

ക്വാറന്റീൻ, ഐസലേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റെയിൽവേയുടെ 20000 കോച്ചുകൾ പരിഷ്കരിക്കും. ഇതോടെ 3.2 ലക്ഷം അധിക കിടക്കകൾ ലഭിക്കും. ഇതിൽ 5000 കോച്ചുകളിലെ ജോലികൾ ആരംഭിച്ചു. രാജ്യത്ത് ഇതുവരെ 47,951 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ 4,562 പരിശോധനകളും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിൽ റിസേർച്ചിന്റെ (ഐസിഎംആർ) കീഴിലുള്ള ലാബുകളിലാണ് നടത്തിയത്. 51 സ്വകാര്യ ലാബുകൾക്കാണ് പരിശോധനയ്ക്ക് അംഗീകാരം നൽകിയിട്ടുള്ളത്. രോഗംബാധിതരുമായി സമ്പർക്കം പുലർത്തിയവരുടെ പരിശോധന ഉറപ്പാക്കണമെന്നു സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു