ദില്ലി: ഹോംവർക്ക് പൂർത്തിയാക്കാത്തിന് ആറ് വയസുകാരിയായ മകളോട് ക്രൂരത കാണിച്ച് അമ്മ. കൈയും കാലും കെട്ടിയിട്ട് കൊടുവെയിലിൽ ടെറസിൽ ഉപേക്ഷിക്കുകയാണ് ചെയ്തത്. ദില്ലിയിലാണ് ദാരുണ സംഭവം നടന്നത്. മണിക്കൂറുകളോളം വെയിലത്ത് ടെറസിൽ കിടന്ന് നിലവിളിച്ച കുട്ടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകായണ്.
ദില്ലിയിലെ കർവാർ നഗറിലാണ് സംഭവം. ഹോം വർക്ക് ചെയ്യാത്തതിന് ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിടുകയായിരുന്നു. ദില്ലിയിലെ കനത്ത ചൂടിൽ മണിക്കൂറുകളോളം കുട്ടി ടെറസിൽ കിടന്ന് നിലവിളിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൈയും കാലും കെട്ടിയിട്ടതിനാൽ കുട്ടിക്ക് എവിടേക്കും നീങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതോടെ നിലവിളിച്ച കുട്ടിയെ കണ്ട അയൽക്കാരാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പരാതിയുമായി നിരവധി പേർ ദില്ലി പൊലീസിനെ സമീപിച്ചു. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുട്ടിയുടെ കുടുംബത്തെ കണ്ടെത്തിയെന്ന് അറിയിച്ചു. കുട്ടികൾക്കെതിരായ അതിക്രമത്തിന് അമ്മക്കെതിരെ കേസെടുക്കുമെന്നാണ് വിവരം. വിശദമായ അന്വേഷണത്തിന് ശേഷം നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി പൊലീസ് അറിയിച്ചു.