കാട്ടാക്കട: സഹപാഠികളുടെ ഗ്രൂപ്പിൽനിന്നെടുത്ത വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും അശ്ലീല സൈറ്റിൽ പങ്കുവെച്ച സംഭവത്തിൽ 8 പേർക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു. സർക്കാർ ജീവനക്കാരുൾപ്പടെ പ്രതികളുടെ പട്ടികയിലുണ്ട്. വീട്ടമ്മയുടെ സഹപാഠികളായ 207 പേരുള്ള സമൂഹമാധ്യമക്കൂട്ടായ്മയിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് മുറിച്ചെടുത്ത ചിത്രമാണ് അശ്ലീല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.
സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചയാളെന്നു സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴുപേരെയുമാണ് കേസിൽ പ്രതികളാക്കിയിട്ടുള്ളത്. വീട്ടമ്മ റൂറൽ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. സൈബർ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. പരാതി നൽകി അഞ്ചുദിവസത്തിനുശേഷം പ്രതിയായ യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ എസ്.എച്ച്.ഒ. കേസ് ഒത്തുതീർപ്പാക്കാൻ യുവതിയെ നിർബന്ധിപ്പിച്ചെന്നും പരാതിയുണ്ട്.
തുടർന്ന് യുവതി റൂറൽ എസ്.പി.ക്ക് പരാതി നൽകി. എന്നാൽ, പരാതി അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പി.ക്ക് ഡി.ജി.പി. നിർദേശം നൽകി.
യുവതി ഒന്നാം തീയതി നൽകിയ പരാതിയിൽ കാട്ടാക്കട പോലീസ് ചൊവ്വാഴ്ചയാണ് മൊഴിയെടുത്തത്. ജനുവരി 25-നാണ് യുവതിയുടെ ഫോട്ടോയും പേരും അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽനിന്നു സന്ദേശങ്ങൾ വന്നു. വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിക്കുകയുകയും പിന്നാലെ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.