അന്യസംസ്ഥാന വണ്ടി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടി ക്രമങ്ങള്‍ വളരെ ലളിതമാണ്.

അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പലരും ഇടനിലക്കാരെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ വളരെ ലളിതമാണ്.

 

Loading...

ഹാജരാക്കേണ്ട രേഖകള്‍

  • പുതിയ രജിസ്‌ട്രേഷന്‍ നമ്പറിനുള്ള ഫോം 27.
  • വാഹനത്തിന്റെ ആദ്യ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  • ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.
  • പുക മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്.
  • ഫോം 28 ല്‍ ആദ്യ രജിസ്റ്ററിങ് അധികാരിയില്‍ നിന്നു ലഭിച്ച എന്‍.ഒ.സി.
  • ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വിലാസം തെളിയിക്കുന്ന രേഖ.
  • ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.
  • രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റിലെ വിലാസം മാറ്റുന്നതിനുള്ള ഫോം 33.
  • ഫോം 29 (രണ്ടെണ്ണം) , ഫോം 30 ( സ്വന്തം പേരിലുള്ള വാഹനമാണെങ്കില്‍ ഇതാവശ്യമില്ല ).
  • പാന്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ ഫോം 60 ല്‍ ഇന്‍കം ടാക്സ് ഡിക്ലറേഷന്‍ .
  • ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ( ഉദാ : വോട്ടര്‍ ഐഡി , പാസ്പോര്‍ട്ട് , എസ്എസ്എല്‍സി ബുക്ക്).
  • ഹൈപ്പോത്തിക്കേഷന്‍ ഉണ്ടെങ്കില്‍ വായ്പ നല്‍കിയ കമ്പനിയുടെ എന്‍ഒസി.
  • റോഡ് ടാക്സ് അടച്ചതിന്റെ രേഖകള്‍ . കേരളത്തില്‍ റോഡ് ടാക്സ് അടച്ചതിന്റെ രേഖകള്‍ സമര്‍പ്പിച്ച് ആദ്യം വണ്ടി രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫീസില്‍ നിന്ന് റോഡ് ടാക്സ് റീഫണ്ട് ചെയ്ത് വാങ്ങാവുന്നതാണ്.
  • പുതിയ രജിസ്ട്രേഷനുള്ള ഫീസ് അടച്ചതിന്റെ രസീത്. പുതിയ രജിസ്ട്രേഷനുള്ള ഫീസാണ് അന്യസംസ്ഥാന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും നല്‍കേണ്ടത്.
  • 100 രൂപ മുദ്രപത്രത്തില്‍ എഴുതിയ സത്യവാങ്മൂലം.

അന്യസംസ്ഥാനത്തുനിന്ന് വാങ്ങിയ വാഹനം ഒരു കേസിലും ഉള്‍പ്പെട്ടതല്ലെന്നും താന്‍ തന്നെയാണ് നിയമപരമായ അവകാശിയെന്നും വാഹനം മോഷ്ടിച്ചതല്ലെന്നും ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ്  മുദ്രപത്രത്തില്‍ എഴുതിനല്‍കേണ്ട സത്യവാങ്മൂലം. ഇത് നോട്ടറി സാക്ഷ്യപ്പെടുത്തിയിരിക്കണം.

 

മതിയായ രേഖകളും ഫീസടച്ചതിന്റെ രസീതുകളും സത്യവാങ്മൂലവും അടങ്ങുന്ന അപേക്ഷ ആര്‍.ടി.ഒക്ക് ലഭിച്ചാലുടന്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷം കൂടുതല്‍ പരിശോധനക്കായി എം.വി.ഐ/എ.എം.വി.ഐമാര്‍ക്ക് കൈമാറും. രേഖകളിലെ എന്‍ജിന്‍ – ഷാസി നമ്പറുകള്‍ വാഹനത്തിലെ നമ്പറുമായി ഒത്തുനോക്കി കൃത്യതയുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തും. വാഹനം നിയമവിധേയവും സാങ്കേതികയോഗ്യതയുള്ളതുമാണെന്ന് ബോധ്യപ്പെട്ടാല്‍ അപേക്ഷ സ്വീകരിച്ചതിന്റെ രസീത് ലഭിക്കുന്നതാണ്. തുടര്‍ന്ന് ഏഴുദിവസത്തിനകം അപേക്ഷകനുമായി രജിസ്റ്ററിങ് അതോറിറ്റി കൂടിക്കാഴ്ച നടത്തും. ഇതിനുള്ള അറിയിപ്പ് രജിസ്റ്റേര്‍ഡ് തപാലില്‍ ലഭിക്കും. കൂടിക്കാഴ്ചയില്‍ അപേക്ഷയുടെ നിജസ്ഥിതി ബോധ്യപ്പെടുന്ന പക്ഷം ഒരാഴ്ചയ്ക്കകം തന്നെ പുതിയ രജിസ്‌ട്രേഷന്‍ നമ്പര്‍ കിട്ടുന്നതാണ്.