വീടിനകത്തു നിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയോട് സംസാരിക്കുന്നത് അമ്മ കേട്ടിരുന്നു ; പിന്നീട് സംഭവിച്ചത് എന്ത്..

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് വീട്ടിലിരുന്നു കളിക്കുകയായിരുന്ന ആറു വയസുകാരിയെ കാണാതായത്.സംഭവം അറിഞ്ഞു മിനിട്ടുകള്‍ക്കുള്ളില്‍ നാട്ടുകാരും പോലീസും തെരച്ചില്‍ തുടങ്ങി. മുങ്ങല്‍ വിദഗ്ധരും പോലീസും നാട്ടുകാരും ഒക്കെ അദ്ധരാത്രിവരെ തെരഞ്ഞ, വീടിനടുത്തുള്ള പുഴയില്‍ ഇന്നു രാവിലെ ഏഴരയോടെയാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക പരിശോധയില്‍ വ്യക്തമായത്.

ബുധനാഴ്ച സ്‌കൂള്‍ വാര്‍ഷികമായതിനാല്‍ വ്യാഴാഴ്ച അവധിയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായിരുന്നു വീട്ടില്‍. കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുന്‍വശത്തെ ഹാളില്‍ ഇരുത്തിയ ശേഷമാണ് അമ്മ ധന്യ വീടിനോടുചേര്‍ന്നുള്ള അലക്കുകല്ലില്‍ തുണി അലക്കാന്‍ പോയത്. തുണി അലക്കുന്നതിനിടെ മകള്‍ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാല്‍ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നതും അമ്മ ധന്യ കേട്ടിരുന്നു.

Loading...

പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മകളെ കാണാതായതോടെ പേരുവിളിച്ച്‌ തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയല്‍വീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പരിസരവാസികളും ഉടനടി തിരച്ചില്‍ ആരംഭിച്ചു. പൊലീസ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തി. സമീപത്തുള്ള ആറ്റില്‍ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തി.

ഒരു മണിക്കൂറിനകം തന്നെ വാട്സാപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും ദേവനന്ദയുടെ ചിത്രവും ഒപ്പം കാണാതായെന്ന സന്ദേശങ്ങളും പ്രചരിച്ചു. കേരളം ഒന്നാകെ ദേവനന്ദയുടെ ചിത്രങ്ങളും വാര്‍‌ത്തകളും ഷെയര്‍ ചെയ്തു. കുട്ടിയെ കാണാതായ വിവരവും കണ്ടെത്താന്‍ സഹായിക്കമെന്ന അഭ്യര്‍ഥനയും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം വിവരം പങ്കുവച്ചു. കുഞ്ഞിനെ രൂപംമാറ്റം വരുത്തിയാലും തിരിച്ചറിയാന്‍ സഹായിക്കുന്ന ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.

അമ്മയോട് ചോദിക്കാതെ പുറത്തേക്ക് പോലും പോകാത്ത കുഞ്ഞെന്നാണ് ദേവനന്ദയെക്കുറിച്ച്‌ നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും നാട്ടുകാരും ഏകസ്വരത്തില്‍ ഇക്കാര്യം കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വ്യക്തമാക്കിയിരുന്നു.
രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ടാണ് ധന്യയും ആറു വയസുകാരിയായ ദേവനന്ദയും ഇവിടേക്ക് എത്തിയത്. അതുകൊണ്ടു തന്നെ കുട്ടിക്ക് അത്ര പരിചയമുള്ള സ്ഥലമല്ല ഇത്. മാത്രമല്ല, കുളിക്കുന്നതിനോ തുണി അലക്കുന്നതിനോ പോലും ആറ്റിലേക്ക് പോകുന്ന ശീലവുമില്ല. സമീപകാലത്തൊന്നും കുട്ടി ഈ ഭാഗത്തേക്ക് പോയിട്ടുമില്ല.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഇന്നലെ പൊലീസ് നായ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു. പൊലീസ് നായയെ കൊണ്ട് നടത്തിയ പരിശോധനയെ തുടര്‍ന്ന് നാട്ടുകാര്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വീടിനു മുന്നില്‍ നിന്ന് കുട്ടിയുടെ വസ്ത്രത്തിന്‍റെ മണമറിഞ്ഞതിനു ശേഷം പൊലീസ് നായ വീടിന്‍റെ പിറകിലേക്ക് ആയിരുന്നു വന്നത്.
വീടിന്‍റെ പിറകില്‍ നിന്ന് കാണുന്ന വലിയ താഴ്ചയുള്ള ഭാഗത്തിരിക്കുന്ന വീടാണുള്ളത്. അത് ആള്‍ത്താമസമില്ലാത്ത വീടാണ്. ആ താഴ്ചയിലേക്ക് പൊലീസ് നായ ഇറങ്ങി. തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന വീടിന്‍റെ പിറകുവശത്തു കൂടി സഞ്ചരിച്ച്‌ ആ വീടിനെ വലംവെച്ച്‌ ഏറ്റവും മുന്നിലെത്തുന്നു. എന്നാല്‍, ഈ വീട്ടിലെ ഗേറ്റ് അടഞ്ഞുകിടന്നിരുന്നു. ഈ വീട്ടിലുള്ളവര്‍ കാലങ്ങളായി മഹാരാഷ്ട്രയിലാണ് താമസിക്കുന്നത്. അതുകൊണ്ടു തന്നെ ഗേറ്റിന്‍റെ താക്കോല്‍ അയല്‍പക്കത്തെ മറ്റൊരു വീട്ടില്‍ ഏല്‍പിച്ചിരുന്നു. പൊലീസ് നായ ഇവിടെ എത്തിയതിനെ തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച്‌ പൊലീസ് ഗേറ്റ് തുറപ്പിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പോലും മതില്‍ ചാടികടന്ന് മാത്രമേ വീണ്ടും റോഡിലേക്ക് ഇറങ്ങാനും അതുവഴി ആറ്റിലേക്ക് പോകാനും കഴിയുകയുള്ളൂ. ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു ആറു വയസുകാരിക്ക് ഇത്രയും താഴ്ചയിലേക്ക് പോകാനും മതില്‍ മറികടന്ന് ചാടാനും കഴിയുകയില്ല. പൊലീസ് നായ പോയ വഴി ശരിയല്ലെന്ന് സമര്‍ത്ഥിച്ചാന്‍ കഴിയില്ല. കാരണം പൊലീസ് നായ എത്തിച്ചേര്‍ന്നിടത്ത് നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കിട്ടിയത്. ഇത് തന്നെയാണ് പൊലീസ് നായ പോയ വഴി ശരിയാണ് വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നതും.