ആറുവയസ്സുകാരി ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. കുട്ടി മുങ്ങി മരിച്ചതാണെന്നും ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലെന്ന് കുട്ടിയെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചതായാണ് സൂചന. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ കൂടി ഫലം ലഭിച്ചശേഷമാകും അന്തിമ റിപ്പോര്‍ട്ട് പൊലീസിന് നല്‍കുക. ചെളിയും വെള്ളവും ശ്വാസകോശത്തിലും വയറ്റിലും കണ്ടെത്തി. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത കണ്ടെത്താവുന്ന ഒന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ലെന്നാണ് പൊലീസിനെ വാക്കാല്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു.
ശരീരത്തില്‍ ബാഹ്യമായ പരിക്കുകള്‍ ഇല്ല. മൃതദേഹത്തില്‍ വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ ഏഴേമുക്കാലോടെയാണ് ഇത്തിരക്കരയാറ്റില്‍ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ ഭാഗത്തുനിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. കോസ്റ്റല്‍ പൊലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. ധന്യയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.
തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന് കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.