ക്ലാസ് മുറിയിലെ അവളുടെ ഇരിപ്പിടം, വിങ്ങിപ്പൊട്ടി കുഞ്ഞ് കൂട്ടുകാരും അധ്യാപകരും

കൊല്ലം: ദേവനന്ദ എന്ന ഏഴ് വയസുകാരിയുടെ വിയോഗം മലയാളികൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഉള്ളുരുകി കേരളം മുഴുവൻ പ്രാർധിച്ചിട്ടും മരണം അവളെ പുഴയുടെ രൂപത്തിൽ എത്തി തട്ടി എടുത്തു. ദേവനന്ദ വിട പറഞ്ഞതിന് ശേഷം അവളുടെ സ്കൂളിൽ ശേഷം ക്ലാസുകള്‍ ഇന്നലെ വീണ്ടും ആരംഭിച്ചു. അവളുടെ കസേര മാത്രം ഒഴിഞ്ഞു കിടന്നു. പ്രിയ കൂട്ടുകാരിയെ കുറിച്ചുള്ള ഓര്‍മ്മയില്‍ സങ്കടമടക്കാനാവാതെ സഹപാഠികളും അധ്യാപകരും. ക്ലാസ് മുറിക്ക് ദേവനന്ദയുടെ പേര് നല്‍കി. കേരളത്തില്‍ ഒരു കുട്ടിയുടെ പേര് ആ കുട്ടി പഠിച്ച ക്ലാസ് മുറിക്ക് നല്‍കുന്നത് ഇതാദ്യമായിട്ട് ആയിരിക്കും.

ഇന്നലെ സ്‌കൂളിലെത്തി പ്രാര്‍ത്ഥന സമയത്ത് കൂട്ടുകാരികളില്‍ പലും കണ്ണുനീര്‍ അടക്കാന്‍ പാടുപെട്ടു. വിങ്ങി പൊട്ടി. പലരുടെയും കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. ഇവരെ ഒക്കെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് അധ്യാപകര്‍ക്കും അറിവുണ്ടായിരുന്നില്ല. ദേവനന്ദയുടെ മരണത്തിന് ശേഷമുള്ള സ്‌കൂളിലെ ആദ്യ പ്രവൃത്തി ദിവസമായിരുന്നു ഇന്നലെ. ഇതിന് മുമ്പുണ്ടായിരുന്ന പ്രവൃത്തി ദിവസത്തില്‍ അവളും അവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ക്ലാസ് മുറിയില്‍ മുന്‍ നിരയിലെ രണ്ടാമത്ത കസേരയായിരുന്നു ദേവനന്ദയുടെ സ്ഥിരം ഇരിപ്പിടം. ഇവിടെ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയായ ജാനകി ഇന്നലെ ഇരുന്നു.

Loading...

ക്ലാസ് മുറിയില്‍ ദേവനന്ദയുടെ ഓര്‍മകള്‍ നിറഞ്ഞ് തുളുമ്പുകയായിരുന്നു. ഒന്ന് മുതല്‍ പത്ത് വരെ സംഖ്യകള്‍ എഴുതി ദേവനന്ദ തന്നെ സ്ഥാപിച്ച ചാര്‍ട്ട് ക്ലാസ് മുറിയിലെ ഭിത്തിയുടെ ഒരു വശത്ത്. അധ്യാപികയുടെ മേശപ്പുറത്ത് ഏറ്റവും മുകളിലായി ദേവനന്ദയുടെ 11-ാം റോള്‍ നമ്പര്‍ കണക്ക് പുസ്തകം. ക്ലാസ് മുറി നിറയെ ദേവനന്ദയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം. കുട്ടികള്‍ക്ക് ധൈര്യം നല്‍കണമെന്നും അവര്‍ക്ക് മുന്നില്‍ കരയരുതെന്നും അധ്യാപകര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ അവരും മനുഷ്യരാണല്ലോ ? അവരുടെ മനസിനും മാനസിക നിലയ്ക്കും താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ദേവനന്ദ വിട പറഞ്ഞതിന് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം.

വിദ്യാര്‍ത്ഥികളെ ഇന്നലെ ബോധവത്കരണത്തിന് വിധേയമാക്കിയിരുന്നു. മാത്രമല്ല കുട്ടികള്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. സ്‌കൂളില്‍ അനുസ്മരണ ചടങ്ങ് നടത്തി. അതിന് ശേഷം സ്‌കൂള്‍ രക്ഷാധികാരി സി. വിജയകുമാര്‍ ദേവനന്ദയുടെ ഓര്‍മയ്ക്കായി ആ സ്‌കൂള്‍ മുറ്റത്തു തുളസിത്തൈ നട്ടു. സ്‌കൂളിനോടു ചേര്‍ന്നുള്ള ഓഡിറ്റോറിയം പൊളിച്ചു പുതിയ ഓഡിറ്റോറിയം നിര്‍മിക്കുമ്പോള്‍ ആ കെട്ടിടത്തിനും ദേവനന്ദയുടെ പേരു നല്‍കാനാണു സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ സരസ്വസി വിദ്യാനികേതനിലെ ഓരോ ക്ലാസ് മുറിക്കും ഓരോ പേരുകള്‍ വീതം നല്‍കിയിരുന്നു. ദേവനന്ദയുടെ ഒന്നാം ക്ലാസിന് കാശി എന്ന പേരായിരുന്നു നല്‍കിയിരുന്നത്. ആ പേര് മാറ്റി ഇന്നലെ രാവിലെ തന്നെ ദേവനന്ദ എന്ന പേര് അവിടെ സ്ഥാപിക്കുകയായിരുന്നു. പേര് ലാമിനേറ്റ് ചെയ്തു ലഭിക്കുന്നതു വരെ താല്‍ക്കാലികമായി പേപ്പറില്‍ പേരെഴുതിയാണ് സ്ഥാപിച്ചിരിക്കുകയാണ്. വാക്കനാട് സരസ്വതി വിദ്യാനികേതനിലേക്ക് ഒന്നാം ക്ലാസ് മുതല്‍ പഠനം തുടങ്ങുന്ന ഓരോ കുരുന്നുകളിലും ദേവനന്ദയുടെ ഓര്‍മയും ഉണ്ടാകും. അവളുടെ പേരുള്ള ക്ലാസ് മുറിയില്‍ നിന്നുമാണല്ലോ അവര്‍ പഠിച്ച് തുടങ്ങുന്നത്.