‘എന്റെ പൊന്നേ’, ‘ഒന്ന് തൊട്ടോട്ടെ’; ആ അമ്മയുടെ കരച്ചിലിന് മുന്നില്‍ ഒരിറ്റ് കണ്ണീര്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കുമായില്ല

കൊല്ലം: കേരളം ഒന്നടങ്കം പ്രാര്‍ത്ഥിച്ചിട്ടും ചേതനയറ്റ ശരരീരമായിട്ടാണ് അവളെ കണ്ടെത്തിയത്. ദേവനന്ദയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ കണ്ട് നിന്നവര്‍ക്ക് കണ്ണീര്‍ അടക്കാനായില്ല. ‘എന്റെ പൊന്നേ’, എന്ന് വിളിച്ച് അലറി കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിന്റെ അരികിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. രണ്ട് ദിവസം ആറ്റില്‍ കിടന്നിരുന്ന കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടമടക്കം നടത്തിയതിനാല്‍, കുഞ്ഞിനടുത്തേക്ക് പോകാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ‘ഒന്ന് തൊട്ടോട്ടെ’, എന്ന് കരഞ്ഞുകൊണ്ട് അമ്മ ധന്യ ബന്ധുക്കളോട് ചോദിക്കുന്നത് കേട്ട് കൂടെ നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു.

അവസനാമായി കാണാന്‍ ദേവനന്ദയുടെ കൂട്ടുകാരികളും എത്തി. നിറഞ്ഞ കണ്ണുകളും കയ്യില്‍ ഒരുപിടി റോസാപ്പൂക്കളുമായി അവര്‍ പ്രിയകൂട്ടുകാരിക്ക് അന്ത്യയാത്ര പറയാനെത്തി, നാട്ടുകാരും ബന്ധുക്കളുമെല്ലാം കുഞ്ഞിനെ കാണാനായി പള്ളിമണ്‍ ഇളവൂരിലെ വീട്ടിലെത്തി. മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന ശ്രീ സരസ്വതി വിദ്യാനികേതനിലും, പള്ളിമണ്ണിലെ വീട്ടിലും, കുടവട്ടൂരിലെ കുടുംബവീട്ടിലും പൊതുദര്‍ശനത്തിന് വച്ചപ്പോഴും ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് അച്ഛന്‍ പ്രദീപ് ഇന്നലെ രാവിലെയാണ് വിദേശത്ത് നിന്നെത്തിയത്. കുട്ടിയെ കാണാനില്ലെന്ന വിവരം പൊലീസറിയിച്ചപ്പോള്‍, എത്രയും പെട്ടെന്ന് ടിക്കറ്റെടുത്ത് പ്രദീപ് നാട്ടിലേക്ക് വരികയായിരുന്നു.

Loading...

പോലീസ് സേനയിലെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ എന്ന പൊന്നു. വാക്കാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് കുട്ടിയെ കാണാതാവുന്നത്. അമ്മയും നാല് മാസം പ്രായമുള്ള മകനും മാത്രമാണ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. മകനെ വീടിനകത്ത് മുറിയില്‍ ഉറക്കി കിടത്തിയ ശേഷം ധന്യ തുണി അലക്കാനായി വീടിന് പുറത്തിറങ്ങി. ഈ സമയം വീടിന് മുന്‍ ഭാഗത്തുള്ള ഹാളിലിരിക്കുക ആയിരുന്നു ദേവനന്ദ. ഇതിനിടെ തുണി അലക്കി കൊണ്ടിരുന്ന അമ്മയുടെ അരികെ ദേവനന്ദ എത്തി. എന്നാല്‍ അകത്ത് കുഞ്ഞ് ഉറങ്ങുന്നതിനാല്‍ കൂട്ടിരിക്കാന്‍ പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് എത്തി ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. വീടിന് മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. വീടിനകത്തും പുറത്തും പരിസര പ്രദേശങ്ങളിലും തിരക്കിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല,. തുടര്‍ന്ന് പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയായിരുന്നു.