ദേവന്ദയുടേത് മുങ്ങിമരണം തന്നെ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു

കൊല്ലം; ഇളവൂരില്‍ മരണപ്പെട്ട ആറ് വയസ്സുകാരി ദേവനന്ദയുടേത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വയറ്റില്‍ ചെളിയും വെള്ളവും കണ്ടെത്തി. കുട്ടിയെ കാണാതായി 20 മണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. അതേസമയം കാണാതായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ കുട്ടിയുടെ മരണം സംഭവിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടിലും അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

മൃതദേഹം കണ്ടുകിട്ടുമ്പോള്‍ അഴുകി തുടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് പോസ്റ്റുമോര്‍ട്ടം നടന്നിരുന്നത്. പോസ്റ്രുമോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ പൊലീസിന് കൈമാറുകയും ചെയ്തു. ഇനി പുറത്തുവരാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടിയാണ്.അതേസമയം ദുരൂഹതകള്‍ക്ക് ഉത്തരം തേടിയുള്ള ശാസ്ത്രീയ പരിശോധന നടക്കും. പോസ്റ്റുമോര്‍ട്ടം ചെയ്ത് ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ധരും അടങ്ങുന്ന സംഘം നാളെ മരണം നടന്ന വീട്ടിലെ പരിസരം വിശദമായി പരിശോധിക്കും. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെടുകയാണ്.. അടുത്ത ബന്ധുവിനെ സംശയം ഉള്ളതായി വീട്ടുകാര്‍ പറഞ്ഞു.

Loading...

ദേവനന്ദയുടെ വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടു പോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.

ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്.വീട്ടിലെ ഹാളില്‍ മൂന്ന് മാസം പ്രായമുള്ള അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് തുടക്കംമുതല്‍ വലിയ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. കുറ‌ഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്.

ദേവനന്ദ മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിയ്ക്ക് രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു. പിന്നീട് പക്വതയോടെ മാത്രമാണ് കുട്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നത്. തിരോധാനത്തിന് തൊട്ട് മുന്‍പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്ക് ബലം വയ്ക്കുകയാണ്. നിരപരാധികള്‍ക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം.