പത്താം ക്ലാസ് വിദ്യാര്‍ഥിനി ​ദേവികയുടെ ആത്മഹത്യ: പൊള്ളലേറ്റ് മരിച്ച്‌ കിടന്ന സ്ഥലത്തെ പുല്‍നാമ്പുകളില്‍ തീ പടര്‍ന്നിരുന്നില്ല: ദുരൂഹതയെന്ന് നാട്ടുകാർ

മലപ്പുറം: പുതിയ അധ്യയന വർഷത്തിൽ ഓൺലൈൻ വഴി ക്ലാസുതുടങ്ങിയ സന്തഷത്തിൽ കേരളം മുന്നോട് പോകുമ്പോൾ ഒരു കണ്ണീർ വാർത്തയായി വരുകയായിരുന്നു വളാഞ്ചേരി ഇരിമ്പിളിയം പഞ്ചായത്തില്‍ പത്താം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ഥി ദേവികയുടെ മരണം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ ദേവിക ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് ദേവികയുടെ കുടുംബാം​ഗങ്ങൾ പറയുന്നത്.

എന്നാൽ ദേവികയുടെ മരണത്തിൽ ചില സംശയങ്ങൾ ഉന്നയിക്കുകയാണ് നാട്ടുകാർ. ദേവിക പൊള്ളലേറ്റ് മരിച്ച്‌ കിടന്ന സ്ഥലത്തെ പുല്‍നാമ്പുകളില്‍ തീ പടര്‍ന്നിരുന്നില്ലെന്നാണ് നാട്ടുകാരിൽ ചിലർ പ്രധാന സംശയമായി ഉന്നയിക്കുന്നത്. അതുപോലെ തന്നെ വീടിന് സമീപത്ത് തീ പൊള്ളലേറ്റപ്പോൾ കുട്ടിയുടെ കരച്ചില്‍ ആരും കേട്ടില്ല എന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അവർ പറയുന്നു. വിദ്യാർത്ഥിനി പഠിക്കുന്ന ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ കുട്ടി അംഗമാണ്. അതിനാൽ തന്നെ ഓണ്‍ലൈന്‍ ക്ലാസ് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിദ്യാര്‍ഥിയല്ല ദേവികയെന്നും ഇവർ പറയുന്നു. ടെലിവിഷൻ ഇല്ല എന്നതിനാൽ ആദ്യ ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമായില്ല എന്ന കാരണത്താല്‍ കുട്ടി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. എന്തായാലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകൂ . മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് കുട്ടിയുടെ മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

Loading...

അതേസമയം വീട്ടുകാർ പറയുന്നത് ഇങ്ങനെയാണ് ലോക്ക്ഡൗണ്‍ കാരണം ദേവികയുടെ അച്ഛന് ജോലിയില്ലായിരുന്നു. അതിനാല്‍ കേട് വന്ന് വീട്ടിന്റെ മൂലയ്ക്കിരുന്ന ടിവി നന്നാക്കാനും കഴിഞ്ഞില്ല. മറ്റ് കുട്ടികള്‍ പഠിക്കുമ്പോള്‍ ഇതിന് സാധിക്കാതിരുന്ന ദേവികയെ ഇത് വല്ലാതെ അലട്ടിയിരുന്നു. സ്മാര്‍ട്ട് ഫോണില്ലാതിരുന്ന ദേവികയ്ക്ക് സ്മാര്‍ട്ട് ക്ലാസിലിരിക്കാനും കഴിഞ്ഞില്ല. പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്നാണ് ദേവികയുടെ അച്ഛനും അമ്മമ്മയും ടീച്ചറുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. ക്ലാസ് ആരംഭിച്ചിട്ടും പഠിക്കാന്‍ കഴിയാത്തതിന്റെ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കൾ വ്യക്തമാക്കുന്നു. എന്നാൽ ദേവികയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഞാന്‍ പോകുന്നു, എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. എന്തായാലും പോലീസിന്റെ തുടരന്വേഷണത്തിൽ വിവരങ്ങളെല്ലാം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ .