കരയാതെ പാട്ടു പാടാതെ കാഴ്ചകൾ കാണാതെ വയറു നിറയെ ഇഷ്ട ഭക്ഷണം കഴിക്കാതെ,ഇത് കടുത്ത മനുഷ്യാവകാശ ലംഘനം; കുറിപ്പ്

പ്രണയിനിയെ 10 വർഷം ആരും കാണാതെ തൻറെ വീട്ടിനുള്ളിലെ മുറിക്കുള്ളിൽ ഒളിപ്പിച്ച യുവാവും യുവതിയുമാണ് ഇപ്പോൾ ചര്ച്ചാ വിയം .അനുകൂലിച്ചുംപ്രതികൂലിച്ചുംനിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടയിൽ ദേവിക എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. യുവതി നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ദേവിക പറയുന്നത്. ദേവികയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

18 വയസ്സിൽ മേമയുടെ വീട്ടിൽ പായസം കൊടുക്കാൻ പോയ പെൺകുട്ടിയെ കാണാതാകുന്നു ,
വീട്ടുകാർ പോലീസിൽ അറിയിക്കുന്നു , 10 വർഷമായിട്ടും കേരള പോലീസിന് കേസിന്റെ തുമ്പു പോലും കിട്ടിയിട്ടില്ല , ആരുമൊട്ടും പിന്നീട് തിരക്കിയതുമില്ല , മകൾ മരിച്ചെന്ന് കരുതി വീട്ടുകാർ ഇരുന്നു, ഇതാ പത്തു വർഷത്തിനു ശേഷം അയൽവാസിയുടെ വീടിന്റെ കുടുസു മുറിയിൽ നിന്നു പെൺകുട്ടി വളർന്ന് വലുതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു !!!വീട്ടുകാർ എതിർത്തതു കൊണ്ട് , മതത്തെ ഭയന്നതു കൊണ്ട് , ഇങ്ങനെയൊക്കെ ചെയ്യാൻ നിർബന്ധിതനായ ആ മഹാനായ ചെറുപ്പക്കാരനെ മാത്രം അന്നാട്ടിൽ ഒരാളും സംശയിച്ചില്ല.

Loading...

വീട്ടുകാർ വീടു പരിശോധിച്ചില്ല. പോലീസുകാർ ചോദ്യം ചെയ്തില്ല. ദുരൂഹമായ , തലക്ക് മൂളയുള്ള ഒരാൾക്കും വിശ്വസിക്കാൻ സാധിക്കാത്ത , ഭ്രാന്ത് എന്നല്ലാതെ വിശേഷിപ്പിക്കാൻ കഴിയാത്ത , സങ്കൽപ്പിക്കാൻ പോലും ആവാത്ത , സത്യമാണ് എങ്കിൽ രണ്ടിനും കൗൺസലിങ്ങ് നൽകേണ്ട, ഒരു വൈകൃതത്തെ 21-ാം നൂറ്റാണ്ടിലെ മനുഷ്യർ ഇതാ പ്രണയം എന്നു വിളിക്കുന്നു. മാധ്യമങ്ങൾ അമാനുഷിക പ്രേമം എന്ന് വാഴ്ത്തുന്നു. താജ്മഹൽ ഇവർക്ക് എഴുതി കൊടുക്കണമെന്നും , കാഞ്ചനയും മൊയ്ദീനും മാറി നിൽക്കണം എന്നും , റഹ്മാൻ ഇക്കയെ പോലെ സ്നേഹിക്കുന്ന ഒരു പുരുഷനെ കിട്ടിയത് സജിതയുടെ ഭാഗ്യം എന്നും ഇതാണ് ഉദാത്ത പ്രണയം എന്നും കവിതകൾ എഴുതുന്നു.തെറ്റാണെന്ന് പറയുന്നവരെ രണ്ടുപേരുടെ സ്വകാര്യതയിൽ കടന്നുകയറിയവരെന്ന പേരിൽ അക്രമിക്കുന്നു. പറയുന്നവരുടെ അർഹതയേയും അധികാരത്തേയും വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നു. എല്ലാത്തിനും ശേഷം സർവ്വം സഹിയായ ദേവിയായി പെണ്ണിനെ ഒരിക്കൽ കൂടി പുനർപ്രതിഷ്ഠ നടത്തി പുഷ്പവൃഷ്ടിയിൽ അവസാനിക്കുന്നു.

ഇടക്ക് പുട്ടിന് പീര പോലെ താലിയുടെ മാഹാത്മ്യവും , മതത്തിന്റെ മതിൽ കെട്ടും , സിസ്റ്റത്തിന്റെ അവസ്ഥയും തിരുകി കയറ്റുന്നു. ഹ ഹ ഹ ഹ… ഒരു പെണ്ണിന് പത്ത് വർഷം ജീവിക്കാൻ നിന്നു തിരിയാൻ സ്ഥലമില്ലാത്ത വെളിച്ചമില്ലാത്ത ഒരു മുറിയും , ഭർത്താവിന്റെ മാത്രം ശാരീരികമായ സാന്നിദ്ധ്യവും മതിയെന്ന് സജിതയെ മറയാക്കി , മാതൃകയാക്കി , നിങ്ങൾ അങ്ങനെ നിഷ്കളങ്കമായി വിളിച്ചു പറഞ്ഞു സ്ഥാപിച്ചെടുക്കുമ്പോൾ ഞങ്ങൾ ശരാശരി ബോധമുള്ള , അവനവനെ കുറിച്ച് ശക്തമായ ബോധ്യമുള്ള പെണ്ണുങ്ങൾ മിണ്ടാതിരിക്കും എന്ന് സ്വപ്നം കാണുന്നുണ്ടോ ???ഇത് സജിത എന്ന ഗതികെട്ട, ( അവളത് തിരിച്ചറിഞ്ഞോ ഇല്ലയോ എന്നല്ല ) ഒരുത്തന്റെ മാനസിക വൈകല്യത്തിന് , ഫ്രോഡ് മനോഭാവത്തിന് , ക്രൂരമായ സ്വാർത്ഥതക്ക് , മനുഷ്യാവാകാശ ലംഘനത്തിന് ഇരയായ പെൺകുട്ടിയെ മാത്രം ബാധിക്കുന്ന കാര്യമല്ല. അവളുടെ അടിമത്വത്തിനെ / ഭയത്തെ / കണ്ടീഷനിങ്ങിനെ / സ്റ്റോക്ക്ഹോം സിൻഡ്രത്തെ / മാനസിക വൈകല്യത്തെ പ്രണയമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്ന ഒരു സമൂഹത്തിൽ വളരുന്നത് ഞങ്ങളുടെ കൂടി പെൺമക്കളാണ്. പെൺകുട്ടികളാണ്. ആൺ സുഹ്യത്തുക്കളാണ്. ഇതല്ല പ്രണയം എന്ന് നൂറു വട്ടം വിളിച്ച് പറയേണ്ടത് ഞങ്ങളുടെ ബാധ്യത തന്നെയാണ്. ഇങ്ങനെയാവരുത് ഒരു പ്രണയവും എന്ന് ഉറപ്പു വരുത്തേണ്ടത് ഏറ്റവും ഫണ്ടമെന്റലായ ഉത്തരവാദിത്വം ആണ് .

18 വയസ്സിലെ ആ പെൺകുട്ടിയുടെ ചിത്രം നിങ്ങൾ കണ്ടുവോ ?? തുടുത്ത മുഖവും ശരീരവും നെറ്റിയിൽ ചന്ദനക്കുറിയും ആരോഗ്യവും പ്രസരിപ്പും ഉള്ള ആ പട്ടുപാവാടക്കാരി എങ്ങനെ ഇന്ന് 10 വർഷത്തിനിപ്പുറം മെലിഞ്ഞുണങ്ങി എല്ലൊട്ടി “തട്ടമിട്ട” (അതുകൊണ്ട് താലിയുടെ മാഹാത്മ്യവും ഹൃദയം കൊണ്ടുള്ള പ്രണയവും ഒക്കെ തൽകാലം അവിടെ നിൽക്കട്ടെ ) ഒരു സ്ത്രീയായി മാറി ? ഭർത്താവ് വീട്ടുകാരെ പറ്റിച്ച് കൊണ്ടുവരുന്ന കുറച്ചധികം വറ്റു ചോറു കഴിച്ച് ജീവിതം തള്ളിനീക്കി , രണ്ട് ബ്രഡും കഷ്ണത്തിൽ ഒക്കെ വിശപ്പിനെ കടിച്ചിറക്കി , ലോകത്തിൽ റഹ്മാൻ എന്ന ആ ഒരൊറ്റ മനുഷ്യന്റെ മോന്ത മാത്രം ദിവസവും കണ്ട് , മൂത്രം ഒഴിക്കാനോ കക്കൂസിൽ പോകാനോ ആർത്തവ രക്തം കഴുകാനോ പോലും ആ ചെറിയ വീട്ടിൽ മറ്റുള്ളവർ ഉറങ്ങുന്നതു വരെ കാത്തു നിന്ന് , പല ദിവസങ്ങളിലും ചെറിയൊരു പെട്ടിക്കുള്ളിൽ ശ്വാസം അടക്കി ഒളിച്ചിരുന്ന് , രാത്രിയിൽ അയാൾ നൽകുന്ന ശാരീരിക സുഖങ്ങളിൽ (നിങ്ങളുടെ ചിന്തയിൽ ) മാത്രം സംതൃപ്തയായി , വെയിലും മഴയും വെളിച്ചവും അനുഭവിക്കാതെ , തൊട്ടടുത്ത് ഉണ്ടായിട്ടും സ്വന്തം മാതാപിതാക്കളെ പോലും കാണാതെ ,
നടക്കാതെ ഓടാതെ ചിരിക്കാതെ ഉച്ചത്തിൽ ഒന്നു വർത്താനം പറയാതെ ഉറക്കെയൊന്നു കരയാതെ പാട്ടു പാടാതെ കാഴ്ചകൾ കാണാതെ വയറു നിറയെ ഇഷ്ട ഭക്ഷണം കഴിക്കാതെ,അസുഖം വരുമ്പോൾ ഡോക്ടറെ കാണാതെ അയാൾ കൊടുക്കുന്ന മരുന്നു കഴിച്ച് , ലോകത്തിലെ ഒന്നിനെ കുറിച്ചും അറിയാതെ , പത്ത് വർഷം ഒരു മുറിക്കുള്ളിൽ ഇരുന്ന ആ പെണ്ണിനെ നിങ്ങൾ പ്രണയത്തിന്റെ പേരിൽ ഭാഗ്യവതിയായി , ഉദാത്ത പ്രണയിനിയായി , യഥാർത്ഥ സ്ത്രീയായി വാഴ്ത്തുന്നുണ്ട് എങ്കിൽ നിങ്ങളോട് ഞങ്ങൾ അല്ലാതെ ആരാണ് മറുപടി പറയേണ്ടത് ???

പത്ത് വർഷം വീട്ടുകാരെ പറ്റിച്ച് സ്വന്തം വീട്ടിൽ ഒരു പെൺകുട്ടിയെ ഒളിപ്പിച്ച ( തളച്ചിട്ട) ,
അത് മറക്കാൻ ഭ്രാന്തനായി അഭിനയിച്ച( യഥാർത്ഥത്തിലും ) , സ്വിച്ചിട്ടാൽ അടയുന്ന ഓടാമ്പലും ഷോക്കടിക്കുന്ന വയറും ഒളിക്കാൻ (ശവ) പെട്ടിയും തട്ടി കൂട്ടിയ (കുരുട്ടു) ബുദ്ധിയുള്ള ,ഒരുത്തന് അന്തസ്സായി ഏതേലും നാട്ടിൽ പോയി പണിയെടുത്ത് ജീവിച്ചൂടാർന്നോ എന്ന് ചോദിക്കുന്നില്ല. കാരണം അവന്റെ ഉദ്ദേശം അവൾക്കൊപ്പം ജീവിക്കുക എന്നതായിരുന്നു എന്ന് കരുതുന്നില്ല .ഇത് വിദഗ്ദമായി അന്വേഷിക്കേണ്ട കേസാണ്. വളരെ ഗൗരവകരമായി പരിഗണിക്കേണ്ട വാർത്തയാണ്. രണ്ടുപേരെയും കൃത്യമായി ചോദ്യം ചെയ്ത് യഥാർത്ഥ വസ്തുത സമൂഹത്തിനെ അറിയിക്കേണ്ട ബാധ്യത നിയമത്തിനും മാധ്യമങ്ങൾക്കും ഉണ്ട് . കാൽപനികതയുടെ പുകമറയിൽ ഒരു ക്രിമിനലും ഒളിച്ചിരിക്കാൻ ഇടവരാതിരിക്കട്ടെ .
NB : ഉന്നതരുടെ ഇടപെടലുകളാെ മറ്റു സ്വാധീനങ്ങളൊ ഒന്നും (പ്രത്യക്ഷത്തിൽ) ഇല്ലാത്ത ഒരു പെൺകുട്ടിയുടെ മിസ്സിങ് കേസിലെ പോലീസിന്റെ അനാസ്ഥയെ കഴിവുകേടെന്ന് വിളിക്കാതെ തരമില്ല.
– ദേവിക