‌ സമൂഹമാധ്യമങ്ങളില്‍ താരമായ ദേവു ചന്ദനയ്ക്ക് തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന ഗുരുതര രോഗം: ദേവുവിന്റെ നില ​ഗുരുതരം: മനോവിഷമം താങ്ങാനാവാതെ അച്ഛൻ ആശുപത്രി വളപ്പിൽ തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് സമൂഹമാധ്യമങ്ങളിൽ താരമായ ദേവു ചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദേവു ഇപ്പോൾ ഗുരുതരരോഗ ബാധയെത്തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ദേവു ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയുടെ വളപ്പിലായിരുന്നു അച്ഛൻ ജീവനൊടുക്കിയത്. നൂറനാട് സ്വദേശി ബി. ചന്ദ്രബാബുവാണ് മരിച്ചത്. ‌

പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബുവിന് ദേവുവിന്റെ ചികിത്സാ ചെലവുകൾ താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം സമൂഹ്യമാധ്യമങ്ങൾ വാർത്തയാക്കിയതോടെ നിരവധി പേർ സഹായത്തിനായി എത്തിയിരുന്നു. ചികിത്സ തുടങ്ങിയിട്ടും കുഞ്ഞിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലായിരുന്നു. ഇത് ചന്ദ്രബാബുവിനെ മാനസികമായി തളർത്തിയിരുന്നു. ഈ മനോവിഷമമാണ് ഇദ്ദേഹത്തിന്റെ മരണകാരണമെന്നാണ് അനുമാനിക്കുന്നത്. ദേവുവിന്റെ ഇളയ അനുജത്തി ഒരു വർഷം മുൻപ് ജനിച്ചയുടൻ മരിച്ചിരുന്നു. ഇളയമകൾ നഷ്ടമായ വേദനയ്ക്കിടെയായിരുന്നു ദേവുവിനെ തേടി ഗുരുതരരോഗമെത്തിയത്.

Loading...

ഒൻപത് വയസുകാരി ദേവുചന്ദന തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന ഗുരുതര രോഗത്തിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി തീവ്ര പരിചരണവിഭാഗത്തിൽ കഴിയുന്ന കുഞ്ഞിനെ കണ്ടിറങ്ങിയ ശേഷമായിരുന്നു അച്ഛൻ ചന്ദ്രബാബുവിന്റെ മരണം. ആശുപത്രിയുടെ പിന്നിലെ നഴ്സിംഗ് ഹോസ്റ്റലിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ചാണ് ദേവു സോഷ്യൽ മീഡിയിൽ താരമായത്. പിന്നീട് ഫ്ളവേഴ്സിന്റെ കോമഡി ഉത്സവവേദിയിലുമെത്തി. കുഞ്ഞിന് പെട്ടന്നുണ്ടായ ഗുരുതര രോഗബാധയുടെ ഞെട്ടൽ മാറും മുൻപാണ് അച്ഛന്റെ വിയോഗം. അതേസമയം ദേവു ചന്ദന ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.