കൂട്ടം കൂടിയവരെ ഏത്തമിടീപ്പിച്ച സംഭവം;യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാനത്തെ പൊലീസ് ഏമാന്‍മാര്‍. ഇതിനിടയിലാണ് കണ്ണൂരില്‍ കൂട്ടം കൂടി നിന്ന ആള്‍ക്കാരെ പരസ്യമായി ഏത്തമിടീപ്പിച്ച് ശിക്ഷിച്ച യതീഷ്ചന്ദ്രയെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത്. യതീഷ് ചന്ദ്ര നാട്ടുകാരെ ഏത്തമിടീക്കുന്നതും സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ യതീഷ് ചന്ദ്രയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പൊലീസ് പരസ്യമായി ശിക്ഷ നടപ്പാക്കിയത്.

കണ്ണൂര്‍ അഴീക്കലില്‍ കടയുടെ മുന്നില്‍ കൂട്ടം കൂടി നിന്നവർക്കാണ് എസ്പി ഏത്തമിടീക്കൽ ശിക്ഷ നൽകിയത്. സര്‍ക്കാര്‍ പറഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു എന്നിട്ടും നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത് എന്ന് ചോദിച്ചാണ് എസ്.പി ഇവരോട് ഏത്തമിടാന്‍ പറഞ്ഞത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

Loading...

പൊലീസനെ കണ്ടതോടെ ചിലര്‍ ഓടിരക്ഷപ്പെട്ടു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്. പറഞ്ഞത് അതുപോലെ മടികൂടാതെ അവര്‍ അനുസരിക്കുകയും ചെയ്തു. ഞാന്‍ ഇനി നിര്‍ദേശങ്ങള്‍ ലംഘിക്കില്ല, ആരോഗ്യവകുപ്പ് പറയുന്നത് കേട്ട് വീട്ടിലിരുന്നോളാം എന്നും ഇവരെ കൊണ്ട് എഴുതി വാങ്ങിച്ചതിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്. മുട്ടുമടക്കി നന്നായി ഏത്തമിടാന്‍ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ ഇവരോട് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അവഗണിച്ചതിനാണ് ഏത്തമിടീപ്പിച്ചതെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ശിക്ഷയായി കണക്കാക്കാന്‍ പാടില്ല. നാട്ടുകാരുടെ നന്മയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. നൂറോളം കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. കേസെടുക്കുന്നതിലോ നിയമ ലംഘകരെ ജയിലില്‍ ഇടുന്നതിലോ അല്ല കാര്യം. കൊറോണ വ്യാപിക്കാതിരിക്കുക എന്നതിനാണ് ശ്രദ്ധ കൊടുക്കേണ്ടത്. കേസെടുത്തതുകൊണ്ട് മാറ്റമൊന്നും കാണുന്നില്ല. ഇതുവരെ ആര്‍ക്കും ഉപദ്രവം ചെയ്തിട്ടില്ലെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി .