കേരളത്തില്‍ മദ്യവില്‍പ്പന ഓണ്‍ലൈനിലൂടെയാകാമെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്

തിരുവനനന്തപുരം: കേരളത്തില്‍ മദ്യവില്‍പ്പന ഓണ്‍ലൈനിലൂടെയാകാമെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാനുള്ള നിർദ്ദേശമെന്നോണമെന്നാണ് പൊലീസ് റിപ്പോർട്ട് കൈമാറിയത്. മദ്യശാലകൾ തുറന്നാൽ ആദ്യദിവസങ്ങളിൽ വലിയ തിരക്കിന് സാധ്യതയുണ്ട്. അതിനാൽ ഓൺലൈൻ ബുക്കിം​ഗിനെക്കുറിച്ച് ആലോചിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിന് റിപ്പോർട്ട് നൽകി. മദ്യശാലകൾ തുറക്കുന്നതു സംബന്ധിച്ച് സർക്കാർ ഡിജിപിയോട് നിർദ്ദേശം തേടിയിരുന്നു. മദ്യശാലകൾ തുറന്ന സംസ്ഥാനങ്ങളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് സർക്കാർ റിപ്പോർട്ട് തേടിയത്. ഓൺലൈൻ ബുക്കിം​ഗിലൂടെയുള്ള വിൽപനയാണ് അഭികാമ്യം എന്നാണ് ഡിജിപി റിപ്പോർട്ട് നൽകിയതെന്നാണ് സൂചന.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.ഒരേ സമയം എത്ര പേര്‍ ക്യൂവിലുണ്ടാകണം, ശാരീരിക അകലം എങ്ങനെ പാലിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ഓരോ മണിക്കൂറിലും ഓൺലൈൻ ബുക്കിം​ഗ് നടത്തണം. അതിനായി സോഫ്റ്റ്വെയർ തയ്യാറാക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ബുക്കിം​ഗിന്റെ കൂപ്പണുമായി ആവശ്യക്കാർ മദ്യവിൽപനശാലകളിൽ എത്തണമെന്നാണ് നിർദ്ദേശം. തുടർനടപടികൾക്കായി സർക്കാർ ബെവ്കോ എംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Loading...

മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ വലിയ തിരക്കും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വാര്‍ത്താ സമ്മേളനത്തിലടക്കം മദ്യവില്‍പ്പന ശാലകള്‍ കേരളത്തില്‍ ഉടന്‍ തുറക്കില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നാല്‍ മതിയെന്നാണ് സിപിഎം നിലപാട്.