പ്രണയാഭ്യർത്ഥന നിരസിച്ച എൻജിനീയറിംഗ് ബിരുദധാരിയായ പെൺകുട്ടിയെ മലയാളി യുവാവ് കുത്തിക്കൊന്നു

കോയമ്പത്തൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിനു എൻജിനീയറിംഗ് ബിരുദധാരിയായ പെൺകുട്ടിയെ മലയാളി യുവാവ് കുത്തിക്കൊലപ്പടുത്തി. കോയമ്പത്തൂർ സ്വദേശി ധന്യയാണ് കൊല്ലപ്പെട്ടത്. ധന്യയുടെ കോയമ്പത്തൂരിലെ വീടിനു സമീപം താമസിച്ചിരുന്ന പാലക്കാട് സ്വദേശി സഹീർ ആണ് പ്രതി. കോയമ്പത്തൂരിലെ ധന്യയുടെ വീട്ടിലെത്തി കൊല നടത്തിയ ശേഷം പാലക്കാട്ടെ സ്വന്തം വീട്ടിലെത്തി സഹീർ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.പ്രണയാഭ്യർത്ഥന നിരസിച്ചതും മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതുമാണ് കൊലയ്ക്ക് കാരണമായതെന്നാണ് കരുതപ്പെടുന്നത്. എൻജിനീയറിംഗ് ബിരുദധാരിയായ ധന്യ അടുത്തിടെയാണ് ഒരു സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. വീടിന് സമീപത്ത് താമസിക്കുന്ന പാലക്കാട് സ്വദേശി സഹീർ നേരത്തെ ധന്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും നിരസിക്കുകയായിരുന്നു.

ഇതിനിടെ 10 ദിവസം മുമ്പ് മറ്റൊരാളുമായി ധന്യയുടെ വിവാഹവും നിശ്ചയിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിയോടെ അന്നൂരിലെ വീട്ടിൽ ധന്യ തനിച്ചായിരുന്ന സമയത്ത് അവിടെയെത്തിയ സഹീർ കത്തികൊണ്ട് ധന്യയെ കൊലപ്പെടുത്തുകയായിരുന്നു.രാത്രി വീട്ടിലെത്തിയ അമ്മയാണ് രക്തത്തിൽ കുളിച്ച നിലയിൽ മകളുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിന് ശേഷം പാലക്കാട്ടേക്ക് കടന്ന സഹീർ അവിടെ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളിപ്പോൾ ചികിത്സയിലാണ്.