ഷംന ബ്ലാക്ക്മെയിൽ കേസ്: നടൻ ധർമ്മജനെ ചോദ്യം ചെയ്തു: ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടെന്ന് ധർമ്മജൻ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവുമായി ബന്ധപ്പെട്ടത്ത് നടൻ ധർമ്മജനെ ചോദ്യം ചെയ്തു. ബ്ലാക്ക്മെയ്ലിങ് തട്ടിപ്പുസംഘം തന്നെ നിരവധി തവണ വിളിച്ചെന്ന് നടൻ ധർമ്മജൻ വ്യക്തമാക്കി. ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ പൊലീസിന് മൊഴി നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്താനാണ് അവരുടെ പ്ലാൻ. താരങ്ങളെ ഉപയോഗിച്ച് സ്വർണം കടത്തുന്ന സംഘമാണെന്ന് ഇവർ പരിചയപ്പെടുത്തി. മൂന്ന് തവണ സംഘം തന്നെ വിളിച്ചുവെന്നും ഷംനയുടെ നമ്പർ പ്രൊഡക്ഷൻ കൺട്രോളറാണ് സംഘത്തിന് നൽകിയതെന്നും ധർമ്മജൻ പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർ ഷാജിയാണ് തന്റെ നമ്പർ സംഘത്തിന് നൽകിയതെന്നാണ് ധർമ്മജൻ വ്യക്തമാക്കിയിരിക്കുന്നത്.

Loading...

ഇന്ന് രാവിലെ കേസിലെ മുഖ്യപ്രതികളിലൊരായ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ തൃശ്ശൂർ സ്വദേശിയാണ്. മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ട്. ഷംന കാസിമിന്റെ കേസിൽ അടക്കം നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഹാരിസിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. അതേസമയം കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടൻ മൊഴി നൽകിയത്. രാവിലെ അന്വേഷണ സംഘം ഇദ്ദേഹത്തോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടി ഷംന കാസിം കൊച്ചിയിൽ തിരിച്ചെത്തി.