‘ഞാന്‍ മരിച്ചെന്ന് അവര്‍ കരുതി’; വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റിന്റെ ഭാര്യ

വാഷിംഗ്ടണ്‍: ഭീകരരുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കഥ മാധ്യമങ്ങളോട് വിവരിച്ച്‌ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്ററിന്റെ ഭാര്യ മാര്‍ട്ടീനി മോയ്‌സ്. പ്രസിഡന്റ് ജുവനെല്‍ മോയ്‌സ് കൊല്ലപ്പെട്ട ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭീകരര്‍ വീട്ടില്‍ അതിക്രമിച്ചു കയറിയപ്പോള്‍ ഭയന്നുപോയെന്നും അക്രമികള്‍ താന്‍ മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ച്‌ പോയതെന്നും മാര്‍ട്ടീനി വെളിപ്പെടുത്തി .

” വീട്ടില്‍ നിന്ന് സ്ഥലം വിടുമ്ബോള്‍ ഞാന്‍ മരിച്ചെന്നാണ് അവര്‍ കരുതിയിരുന്നത്”, ന്യൂയോര്‍ക്ക് ടൈംസില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മാര്‍ട്ടീനി മോയ്‌സ് അറിയിച്ചു .

Loading...

പ്രസിഡന്റിന് അകമ്ബടി സേവിച്ചിരുന്ന 30മുതല്‍ 50 ഓളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമണ സമയത്ത് എവിടെയായിരുന്നുവെന്നും മാര്‍ട്ടിനി ആശങ്കപ്പെടുന്നു .അതെ സമയം സുരക്ഷാ ഭടന്‍മാരാരും തന്നെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നില്ല. ആര്‍ക്കും പരിക്കുപോലും പറ്റിയിരുന്നില്ലെന്നതും മാര്‍ട്ടീനിയെ അത്ഭുതപ്പെടുത്തുന്നു . സര്‍ക്കാരിലെ തന്നെ പ്രഗത്ഭരോ അല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനം തന്നെയോ ആണ് പ്രസിഡന്റിനെ വധിച്ചതെന്നാണ് മാര്‍ട്ടീനിയുടെ ആരോപണം .തങ്ങള്‍ ഉറക്കത്തിലായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നും വെടിയൊച്ച കേട്ടാണ് എഴുന്നേറ്റതെന്നും മാര്‍ട്ടീനി വെളിപ്പെടുത്തുന്നു .നിലവില്‍ ജൊവനെല്‍ മോയ്‌സിന്റെ സുരക്ഷാ സേനയുടെ മേധാവിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

“അദ്ദേഹം തന്റെ സുരക്ഷാ സംഘത്തെ സഹായത്തിനായി വിളിച്ചു, അപ്പോഴേക്കും കൊലയാളികള്‍ കിടപ്പുമുറിയില്‍ എത്തി വെടിവെച്ചിരുന്നു “.

അദ്ദേഹത്തിന് വെടിയേറ്റപ്പോള്‍ വായില്‍ രക്തം നിറഞ്ഞ് താന്‍ ശ്വാസം മുട്ടുകയായിരുന്നു. കൊലയാളികള്‍ സ്പാനിഷ് മാത്രമാണ് സംസാരിച്ചിരുന്നത്. ഹെയ്തിയുടെ ഭാഷകള്‍ ക്രിയോളും ഫ്രഞ്ചുമാണ്. മാത്രവുമല്ല ഫോണിലൂടെയുള്ള നിര്‍ദേശം കേട്ടും ആശയം വിനിമയം നടത്തിയുമാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്നും മാര്‍ട്ടീനി ഓര്‍ത്തെടുക്കുന്നു . സുഖം പ്രാപിച്ച്‌ തിരിച്ചെത്തിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

“കൃത്യം ചെയ്തവരെ പിടികൂടിയില്ലെങ്കില്‍ ഇനി പ്രസിഡന്റിന്റെ അധികാരസ്ഥാനത്തെത്തുന്ന ആരോടും അവരിത് ചെയ്യും. ഒരിക്കല്‍ ചെയ്തവര്‍ പിന്നീടുമത് ആവര്‍ത്തിക്കും”, മാര്‍ട്ടീനി കൂട്ടിച്ചേര്‍ത്തു.