കുഴഞ്ഞു വീണ് മരിച്ച യുവാവിന് കോവിഡ്

ചേര്‍ത്തല: കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് മരിച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. എരമല്ലൂര്‍ മാടവന ടോമി പൗലോസിന്റെ മകന്‍ ജെറിന്‍ ജോര്‍ജ് ആണ് വ്യാഴാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്. 28 വയസായിരുന്നു. മൃതദേഹം ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് സ്രവ പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നുമാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാ?റ്റി. തൈക്കല്‍ പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ: അശ്വതി.

അതേസമയം ഇന്നലെ സംസ്ഥാനത്ത് 1420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1715 പേരാണ് രോഗമുക്തരായിട്ടുള്ളത്. ഇന്നലെ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ചെയ്ത കേസില്‍ 92 ഉറവിടമറിയാത്ത കേസുകളാണ് ഉള്ളത്. 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്നലെയും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 485 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 435 കേസുകളും സമ്പര്‍ക്കം മൂലമാണ്. ഇതില്‍ 33 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.

Loading...

കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണെന്നും ഒരേ സമയത്ത് വ്യത്യസ്തമായ ദുരന്തങ്ങളാണ് നമ്മള്‍ നേരിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജമലയിലെ ദുരന്തത്തില്‍ ആകെ മരണം 26 ആയി. മിനിഞ്ഞാന്ന് 15 മൃതദേഹങ്ങളും ഇന്നലെ 11 മൃതദേഹങ്ങളും കണ്ടെത്തി. ഇതില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ, വിജില, കുട്ടിരാജ്, മണികണ്ടന്‍, ദീപക്, ഷണ്‍മുഖ അയ്യര്‍, പ്രഭു എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അതേസമയത്ത് കരിപ്പൂരില്‍ മരിച്ചത് 18 പേരാണ്. എല്ലാവരുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി.