ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു; പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ വീട്ടിലാക്കിത്തരാമെന്ന വാഗ്ദാനം നല്‍കി മാനഭംഗത്തിനിരയാക്കിയ യുവാവിനെ പൊലീസ് പിടികൂടി. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനാണ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സി.ഐമൂസ വള്ളിക്കാടനും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ ഡെലിവറി ജോലിചെയ്തു വരികയായിരുന്നു ആഷിഖ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെ മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന യുവതിയെ വീട്ടിലാക്കിത്തരാം എന്നുപറഞ്ഞ് ഇയാള്‍ സ്‌കൂട്ടറില്‍ കയറ്റി. തുടര്‍ന്ന് തൊണ്ടയാട്, മലാപറമ്പ്, ചേവായൂര്‍ ഭാഗങ്ങളില്‍ കറങ്ങി മെഡിക്കല്‍ കോളേജ് ഭാഗത്ത് വീണ്ടും എത്തി. പിന്നീട് തൊണ്ടയാട് ആളൊഴിഞ്ഞ കെട്ടിടത്തിന് താഴെയെത്തിച്ച് മാനഭംഗപ്പെടുത്തി.എന്നാണ് പോലീസ് പറയുന്നത്. അതിനുശേഷം യുവതി റോഡരികില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനങ്ങള്‍ പോലീസിനെ വിവരമറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.

Loading...

തുടര്‍ന്ന് വിശ്രമമില്ലാതെ അന്വേഷണം നടത്തിയ പോലീസ് ഇവര്‍ സഞ്ചരിച്ച വഴിയിലെ 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. വിവിധ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായി ആശയവിനിമയം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അതില്‍നിന്ന് പ്രതി മുന്‍പ് വടകര സ്റ്റേഷനില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നശേഷം ജാമ്യത്തിലിറങ്ങിയ ആളാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു.അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, ഷാലു. എം, ഹാദില്‍ കുന്നുമ്മല്‍, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ പ്രശോഭ്, രാജേന്ദ്രന്‍, മനോജ്, വിനോദ്, സുബിന കെ.പി എന്നിവരും ഉണ്ടായിരുന്നു.