നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യില്‍, കൃത്യം നിര്‍വഹിച്ച ശേഷം പള്‍സര്‍ സുനി ലക്ഷ്യയിലെത്തി വീഡിയോ കൈമാറി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭത്തിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അറ്സ്റ്റിലായ നടന്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെയാണ് വീഡിയോ ദിലീപിന് കൈമാറിയത്. ദിലീപിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നടിയെ ആക്രമിക്കുന്നതിന് ദിലീപ്, വാഗ്ദാനം ചെയ്ത പണം സുനിക്ക് നല്‍കിയില്ലെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് പ്രതികള്‍ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാക്കനാടുള്ള കാവ്യാമാധവന്റെ ലക്ഷ്യ ഷോപ്പിലെത്തിയാണ് വീഡിയോ പള്‍സര്‍ സുനി കൈമാറിയതെന്നാണ് വിവരം. ലക്ഷ്യയിലെ സിസിടിവിയില്‍ പള്‍സര്‍ സുനി ഷോപ്പില്‍ എത്തിയ ദൃശ്യങ്ങള്‍ നീക്കം ചെയ്‌തെങ്കിലും സമീപത്തുള്ള സിസിടിവിയില്‍ സുനി പതിഞ്ഞിട്ടുണ്ട്. ഇത് പോലീസിന്റെ കൈവശം ഉള്ളതായാണ് വിവരം.

Loading...

ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ച് നടിയെ ആക്രമിച്ചത്. ഓടുന്ന വാഹനത്തിനുള്ളില്‍ വച്ച് നടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒരാഴ്ചയ്ക്കകം പിടിയിലായി. എന്നാല്‍ മുഖ്യസൂത്രധാരനെന്ന് പോലീസ് ആരോപിക്കുന്ന നടന്‍ ദിലീപ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് പിടിയിലായത്. പള്‍സര്‍ സുനിയുമായി ദിലീപിനുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

അതേസമയം, ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ദിലീപ് ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയെന്നാണ് സൂചന. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെ തുടങ്ങിയ പ്രധാന ചോദ്യങ്ങള്‍ക്ക് നാളെ വൈകുന്നേരത്തിനു മുന്‍പ് ദിലീപില്‍ നിന്നും മറുപടി ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

സംവിധായകന്‍ നാദിര്‍ഷയെയും ദിലീപിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തേക്കും. അതേസമയം, ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന് പൊലീസ് കരുതുന്ന അപ്പുണ്ണി കസ്റ്റഡിയിലായെന്നാണ് സൂചന. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ദിലീപ്, നടിക്കെതിരെ ക്വൊട്ടേഷന്‍ കൊടുത്തുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തന്റെ വിവാഹജീവിതം തകരാന്‍ നടിയുടെ ഇടപെടല്‍ കാരണമായെന്ന വൈരാഗ്യത്തില്‍ ദിലീപ് നടിയെ ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു.