വില്ലന്‍വേഷത്തില്‍ നിന്നും തന്നെ പുറത്താക്കാന്‍ കളിച്ചത് ദിലീപ്; കലാഭവന്‍ ഷാജോണ്‍

കൊച്ചി: ദിലീപിന്റെ കുതികാല്‍വെട്ടുകള്‍ കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. ചലച്ചിത്രമേഖലയില്‍ സ്വന്തം ഇഷ്ടക്കാര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ ദിലീപ് മടിക്കാറില്ല. അതേപോലെ താല്‍പര്യമില്ലാത്തവരെ അതേപൊലെ ഉപദ്രവിക്കാനും. പറയുന്നത് മറ്റാരുമല്ല, ദൃശ്യം സിനിമയില്‍ ശ്രദ്ധേയമായ വില്ലന്‍വേഷം കൈകാര്യം ചെയ്ത കലാഭവന്‍ ഷാജോണ്‍. അന്തരിച്ച സംവിധായകന്‍ ശശിശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ വില്ലനായി ഷാജോണിനെയാണ് കണ്ടിരുന്നത്.
ഇതിനായി ചിത്രത്തിന്റെ ലൊക്കേഷനിലെത്തി ഷാജോണ്‍ മേക്കപ്പ് വരെ ചെയ്തു. എന്നാല്‍ ദിലീപ് ലൊക്കേഷനില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി. ഷാജോണിനെ മാറ്റിയില്ലെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്.
തന്റെ വില്ലനായി ഷാജോണ്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നാണ് ഇതിന് കാരണമായി ദിലീപ് പറഞ്ഞത്. മേക്കപ്പ് മാന്‍ പട്ടണം റഷീദ് ഷാജോണിനെ വില്ലന്‍ ഗെറ്റപ്പില്‍ മേക്കപ്പ് ചെയ്ത ശേഷമായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇതോടെ സെറ്റില്‍ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് ഷാജോണ്‍ ഇറങ്ങിപ്പോവുകയായിരുന്നു.
പിന്നീട് ഈ വേഷത്തിലേക്ക് ദിലീപ് തന്നെയാണ് സായ്കുമാറിനെ കൊണ്ടുവന്നത്. ഒരുപക്ഷെ, ഈ വില്ലന്‍വേഷം അന്ന് ഷോജോണിനു ലഭിച്ചിരുന്നെങ്കില്‍ കരിയറില്‍ മുന്‍പേ തന്നെ ഷാജോണ്‍ എന്ന വില്ലന്‍ നടന്‍ ശ്രദ്ധനേടിയേനേ.