ദിലീപിന് താൽക്കാലിക ആശ്വാസം; ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ല, ഹർജി മാറ്റി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ആശ്വാസം. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരി​ഗണിക്കുന്നതിലേക്ക് മാറ്റി വെച്ചു. ജസ്റ്റിസ് ​ഗോപിനാഥനാണ് ഹർ‌ജി പരി​ഗണിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കും. ദിലീപിൻറെ വീട്ടിലും സഹോദരൻറെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനത്തിലും കോടതിയുടെ അനുമതിയോടെ സെർച്ച് വാറൻറ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ കേസിൻറെ പേരിൽ തന്നെ അനാവശ്യമായി പീഡിപ്പിക്കുകയാണ് പൊലീസ് എന്നായിരുന്നു ദിലീപിൻറെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി പൊലീസിനോട് പറഞ്ഞു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്തു.

ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് തന്നെ കോടതിയിൽ ഹാജരായി. എന്നാൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിൻറെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിൻറെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിൻറെ ഹർജിയിലെ പ്രധാന ആരോപണം.

Loading...