‘വിഐപി’ ശരത്ത് തന്നെയെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്, ദിലീപിന് കുരുക്ക്

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ വാൻ വഴിത്തിരിവ്. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദത്തിന്റെ ഉടമയായ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ സുഹൃത്താണ് അങ്കമാലി സൂര്യ ഹോട്ടൽസ് ഉടമയായ ശരത് ജി നായർ. ആലുവ സ്വദേശി ശരത് ജി നായരെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശര്ത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു.

ഇന്നലെ ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ ഫഌറ്റിലും ശരത് ജി നായരുടെ വസതിയിലും നടത്തിയ റെയ്ഡിൽ സിം കാർഡികളും മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. ഒപ്പം ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വർഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കേസുമായി ബന്ധപ്പെട്ട് സൂര്യ ഹോട്ടൽസ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ശരത് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

Loading...