ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്; ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള നീക്കം ദിലീപ് തടഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ലി തോമസിന്റെ രഹസ്യ മൊഴിയെടുക്കാനുള്ള നീക്കം ദിലീപ് തടഞ്ഞു. ലക്ഷ്യയിലെ ജീവനക്കാരനെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

അതേസമയം കേസിലെ മുഖ്യ പ്രതി സുനിൽകുമാറിന് (പൾസർ സുനി) തമിഴ്നാട്ടിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ ചാർലി തോമസ് കേസിൽ മാപ്പുസാക്ഷിയാകില്ല. രഹസ്യമൊഴിയിൽ കുറ്റം സമ്മതിച്ച ചാർലി, മാപ്പുസാക്ഷിയാകാൻ കോടതി വിളിപ്പിച്ചിട്ടും എത്തിയില്ല.

നേരത്തെ, കുറ്റം ചെയ്തു മൂന്നാം ദിവസം ഒളിവിൽ കഴിയവെ കേസിലെ ക്വട്ടേഷൻ സംബന്ധിച്ച വെളിപ്പെടുത്തലുകൾ സുനിൽകുമാർ നടത്തിയെന്നു ചാർലി മൊഴി നൽകിയിരുന്നു. ‘കേസിൽ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല, ക്വട്ടേഷൻ നൽകിയ വ്യക്തി മലയാള സിനിമയിലെ ഉന്നതനാണ്, നടിയുടെ ദൃശ്യങ്ങൾ കൈമാറുമ്പോൾ ഒന്നര കോടി രൂപ ലഭിക്കും, തമിഴ്നാട്ടിൽ സുരക്ഷിതരായി ഒളിവിൽ കഴിയാൻ അവസരം നൽകിയാൽ 10 ലക്ഷം രൂപ നൽകാം– സുനിൽ ഇങ്ങനെ വാഗ്ദാനം ചെയ്തതായി ചാർലിയുടെ മൊഴിയിൽ പറഞ്ഞിരുന്നു.

വാർത്താ ചാനലുകളിലൂടെയാണു നടിയെ ഉപദ്രവിച്ച കേസിന്റെ ഗൗരവം മനസ്സിലാക്കിയത്. സുനിലിനെ ആശങ്ക അറിയിച്ചപ്പോഴാണു സംഭവം നടൻ ദിലീപ് നൽകിയ ക്വട്ടേഷനാണെന്നു പറഞ്ഞതെന്നും ചാർലി മൊഴി നൽകിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതിയായ വിജീഷും കോയമ്പത്തൂരിൽ കഴിഞ്ഞപ്പോൾ എല്ലാ സഹായങ്ങളും നൽകിയതു ചാർലിയായിരുന്നു. യുവനടിയെ പ്രതികൾ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സുനിലിന്റെ മൊബൈൽ ഫോണിൽ ചാർലി കണ്ടതായും മൊഴിയിലുണ്ട്. പിറ്റേന്നു ചാർലിയുടെ അയൽവാസിയുടെ ബൈക്കു മോഷ്ടിച്ച സുനിലും വിജീഷും കേരളത്തിലേക്കു കടന്നു. എറണാകുളത്തു കോടതിയിൽ കീഴടങ്ങാൻ എത്തിയതും ഈ ബൈക്കിലാണ്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്നാണ് സൂചന. നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രത്തില്‍ മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാല്‍ അവര്‍ ചില അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്നാണ് സൂചന. തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പൊലീസ് കോടതിയില്‍ നല്‍കുക.

വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും. ദിലീപ് ഹാജരാക്കിയ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പുതിയ കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ദിലീപ് ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും അവിടെ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നുവെന്നാണ് വിവരം. കേസില്‍ ആകെ പതിനൊന്ന് പ്രതികളാണുള്ളത്. കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. ദേ പുട്ടിന്റെ ശാഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിദേശത്തു പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പൊലീസിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ ദുബൈ യാത്രയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും. തെളിവ് നശിപ്പിക്കാനുള്ള യാത്രയാണിതെന്ന് പൊലീസ് കോടതിയെ അറിയിക്കും.