ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയ കേസ്; അഭിഭാഷകനെ ചോദ്യം ചെയ്തു

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ അഭിഭാഷകനെയും ചോദ്യം ചെയ്തു. തിരുവനന്തപുരം സ്വദേശിയായ അഡ്വ. സജിത്തിനെയാണ് ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാർ ഇയാൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ ചോദ്യം ചെയ്തത്. താൻ ബുദ്ധിമുട്ടിലായിരുന്നെന്നും തന്നോട് പറഞ്ഞിരുന്നു. ബാലചന്ദ്രകുമാർ അയച്ച വാട്‌സ്ആപ് ചാറ്റുകൾ അഭിഭാഷകൻ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. പ്രതികളെ പ്രത്യേകം പ്രത്യേകം ഇരുത്തിയാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ അവസാനഘട്ടത്തിലാണെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ഭാഗിക പരിശോധനാഫലമേ നിലവിൽ ലഭിച്ചിട്ടുള്ളൂ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ദിലീപിനെ കസ്റ്റഡിയിൽ വാങ്ങുമോയെന്നത് ഇപ്പോൾ പറയാനായിട്ടില്ലെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.അതേസമയം നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദങ്ങളിൽ നിന്ന് ദിലീപിന്റെ ശബ്ദം താൻ തിരിച്ചറിഞ്ഞതായി വ്യാസൻ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനൊപ്പം മറ്റ് ചിലരുടെ ശബ്ദങ്ങൾ കൂടി അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ദിലീപ് അടക്കമുള്ളവരെ തനിക്ക് അറിയാമായിരുന്നു എന്ന് വ്യാസൻ പറഞ്ഞു. വർഷങ്ങളായി ഇവരുമായി ബന്ധമുണ്ട്. നെയ്യാറ്റിൻകര ബിഷപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദിലീപിന്റെ മൊഴിക്ക് വിരുദ്ധമാണ് വ്യാസൻ നൽകിയതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു എന്നും ക്രൈംബ്രാഞ്ച് പറയുന്നു.

Loading...