ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്ന് ഇപ്പോൾ പറയാനാകില്ല; റെയ്ഡ് നടത്തിയത് കോടതി അനുമതിയോടെ; എഡിജിപി

ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് കോടതി അനുമതിയോടെയെന്ന് എഡിജിപി ശ്രീജിത്ത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡെന്നാണ് എഡിജിപിയുടെ വിശദീകരണം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന ഏഴ് മണിക്കൂറാണ് നീണ്ട് നിന്നത്.

ദിലീപിന്‍റെ അറസ്റ്റിലേക്ക് പോകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ദിലീപിന്റെ സഹോദരന്റെ വീട്ടിലെ പരിശോധനയും പൂർത്തിയായിട്ടുണ്ട്.

Loading...

പരിശോധനയിൽ ഹാർഡ് ഡിസ്കുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദിലീപിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തതായാണ് വിവരം. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡുകൾ നടന്നത്.