നടിയെ ആക്രമിച്ച കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്; വിചാരണ വൈകിപ്പിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

കൊച്ചി: നടിയെ ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പക്ഷപാതപരമാണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു. തനിക്കെതിരെ തെളിവില്ലെന്നും തനിക്ക് പങ്കില്ലെന്നും ദിലീപ് ഹര്‍ജിയില്‍ അവകാശപ്പെട്ടു. ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തത്. സംസ്ഥാന അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമില്ല. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

അതേസമയം കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപ് നടത്തുന്നതെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. കേസില്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ 18ന് വിധി വരും. വിധി വന്നാല്‍ ഉടന്‍ വിചാരണ തുടങ്ങും. ഈ സാഹചര്യത്തില്‍ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപിന്റെ പുതിയ ഹര്‍ജിയെന്നാണ് പ്രോസിക്യുഷന്റെ വിലയിരുത്തല്‍. അടുത്ത ദിവസം ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.

പ്രമുഖ നടിയെ വാഹനത്തിനുള്ളില്‍ വച്ച് പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് ദിലീപ്. പള്‍സര്‍ സുനി അടക്കമുള്ള ക്വൊട്ടേഷന്‍ സംഘാങ്ങളാണ് മറ്റ് പ്രതികള്‍. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. എണ്‍പതിലധികം ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഒക്‌ടോബര്‍ നാലിനാണ് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചത്.

Top