പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ദിലീപും നാദിര്‍ഷയും നിയമോപദേശം തേടി ; അപ്പുണ്ണിയുടെ ഫോണിലേക്ക് സുനി വിളിച്ചപ്പോള്‍ സംസാരിച്ചത് ദിലീപ്‌.?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും നിയമോപദേശം തേടി. നടന്‍ ദിലീപിന്റെ സഹായിയായ അപ്പുണ്ണിയുടെ ഫോണില്‍ ജയിലിനുള്ളില്‍ നിന്നു മുഖ്യപ്രതി സുനില്‍കുമാര്‍ വിളിച്ചപ്പോള്‍ സംസാരിച്ചതു ദിലീപാണെന്ന നിഗമനത്തിലാണു പൊലീസ് എത്തിയിരിക്കുന്നത്.

നിയമപരമായി ഇതു കോടതി മുന്‍പാകെ സമര്‍ഥിക്കാനുള്ള തെളിവുകള്‍ തേടുകയാണ് അന്വേഷണ സംഘം. ഇതു സംബന്ധിച്ച ഒരു മൊഴി മാത്രമാണ് ഇപ്പോള്‍ പൊലീസിന്റെ പക്കലുള്ളത്.

സംശയിക്കപ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഇതുവരെയുള്ള കേസ് ഡയറി കഴിഞ്ഞ ദിവസം പരിശോധിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ണായക അറസ്റ്റിനുള്ള സാധ്യത ധ്വനിപ്പിക്കുന്ന പ്രതികരണമാണു നടത്തിയത്.

നടന്‍ ദിലീപിന്റെ പരാതി അന്വേഷണ സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. പരാതിക്കൊപ്പം നല്‍കിയ ടെലിഫോണ്‍ സംഭാഷണ ശബ്ദരേഖകള്‍ അന്വേഷകര്‍ സൈബര്‍ ഫൊറന്‍സിക്കു പരിശോധനയ്ക്കു വിധേയമാക്കും.