നടിയുടെ വീഡിയോ ക്ലിപ്പില്‍ കൃത്രിമം നടത്താന്‍ സാധ്യത; പൊലീസിന്റെ കയ്യില്‍ ആവശ്യത്തിലധികം കോപ്പികളുണ്ടെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയുടെ വീഡിയോ ക്ലിപ്പ് അടങ്ങിയ സിഡി മുദ്രവച്ച കവറില്‍ ആയിരുന്നില്ലെന്നും കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും ദിലീപ്. പൊലീസിന്റെ കയ്യില്‍ ആവശ്യത്തിലധികം കോപ്പികളുണ്ടെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു.

നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദിലീപ് ഹൈക്കോടതിയോട് ഇക്കാര്യം പറഞ്ഞത്.

Loading...

അതേസമയം, കേസില്‍ ദിലീപിനെ കുടുക്കിയത് മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആരോപിച്ചു. നടി രമ്യാ നമ്പീശനും ദിലീപിനെ കുടുക്കാനുള്ള കെണിയുണ്ടാക്കിയതില്‍ പങ്കാളിയാണെന്നും മാര്‍ട്ടിന്‍ പറയുന്നു. താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടിന്‍ ആരോപിച്ചു. കൊച്ചിയില്‍ നടി അക്രമിക്കുന്നതിന് ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍.

വിചാരണയുടെ ഭാഗമായി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴാണ് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോടതിയില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കേസില്‍ ദിലീപ് എടുത്തതിന് സമാനമായ നിലപാടാണ് മാര്‍ട്ടിന്‍ ഇപ്പോഴെടുക്കുന്നത്.

നേരത്തെ മാര്‍ട്ടിനെ കേസില്‍ മാപ്പുസാക്ഷിയാക്കുന്നത് പോലും പൊലീസ് പരിഗണിച്ചിരുന്നു. പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഏതായാലും കേസില്‍ മാര്‍ട്ടിന്റെ നിലപാട് വിചാരണയെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ പക്ഷം. ശ്രീകുമാര്‍ മേനോനും മഞ്ജുവാര്യര്‍ക്കുമെതിരെ പലവിധ ആരോപണങ്ങള്‍ നേരത്തേയും ഉയര്‍ന്നിരുന്നു. ജാമ്യാപേക്ഷയില്‍ ദിലീപും മഞ്ജുവിനും ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.