നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹർജിയിൽ കൊച്ചിയിലെ വിചാരണക്കോടതി ശനിയാഴ്‌ച വിധി പറയും. വിടുതല്‍ഹര്‍ജിയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കി. ദിലീപിനെതിരേ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഹര്‍ജി കോടതി തള്ളിയാല്‍ ദിലീപിന് വിചാരണ നടപടി നേരിടേണ്ടി വരും. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ദിലീപിന്റ ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിക്കുന്നത്.

Loading...

അതേസമയം കേസിന്റെ വിചാരണ വളരെപ്പെട്ടെന്ന് തന്നെ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ദേശിച്ച സാഹചര്യത്തിലായിരുന്നു ദിലീപിന്റെ വിടുതല്‍ ഹര്‍ജി. വിചാരണ മനപൂര്‍വം വൈകിപ്പിക്കാനുള്ള ദിലീപിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നല്‍കുന്ന ഹര്‍ജി എന്ന് നേരത്തെ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.