സ്വന്തം സിനിമയെ മറക്കുന്ന ഒരാള്‍ എന്‍എഫ്ഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് ഇന്ത്യന്‍ സിനിമയെ എങ്ങനെ രക്ഷപ്പെടുത്തും’. സുരേഷ് ഗോപിയോടുള്ള സംവിധായകന്‍ അനീഷ് വര്‍മയുടെ ഈ ചോദ്യത്തിന് പിന്നില്‍ ഒരു സിനിമാക്കഥ തന്നെയുണ്ട്. സുരേഷ്‌ഗോപിയുടെ ശബ്ദം ഡബ്ബ് ചെയ്യാത്തതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നല്ലൊരു സിനിമ റിലീസ് ചെയ്യാനാവാതെ പെട്ടിയില്‍ സുഖനിദ്രയിലാണ്. അനീഷ് വര്‍മ്മ സംവിധാനം ചെയ്ത ‘കാവ്യം’ എന്ന ചിത്രമാണ് സുരേഷ്‌ഗോപി ഡബ്ബിംഗിന് തയാറാവാത്തതിനാല്‍ പെട്ടിയിലിരിക്കുന്നത്. 2008ല്‍ ആണ് സുരേഷ് ഗോപി, മനോജ് കെ ജയന്‍, വിജയരാഘവന്‍, നവ്യ നായര്‍ എന്നിവരെ താരങ്ങളാക്കി കാവ്യം എന്ന സിനിമ ഞാന്‍ സംവിധാനം ചെയ്യുന്നത്. 23 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി, ഏകദേശം ഒരു കോടി രൂപയാണ് ചിത്രത്തിന്റെ ആകെ മുതല്‍മുടക്ക്.

anish-suresh-gopi

Loading...

സിനിമയെ സ്‌നേഹിച്ചുപോയി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. ഗതികേട് കൊണ്ടാണ് ഇപ്പോള്‍ എനിക്ക് ഈ സത്യം നിങ്ങളെ അറിയിക്കുന്നത്. എന്റെ സിനിമ പുറത്തിറങ്ങണം. അതിന് ഈ വാര്‍ത്ത ഒരുകാരണമായാല്‍ അത്രയും നല്ലത്. ഇത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും എനിക്ക് നന്നായി ബോധ്യമുണ്ട് സംവിധായകന്‍ അനീഷ് വര്‍മ പറയുന്നു.

കാവ്യത്തില്‍ അഭിനയിക്കാന്‍ സുരേഷ്‌ഗോപിക്ക് നല്‍കേണ്ടിയിരുന്ന സംഖ്യ മൊത്തം മുപ്പതുലക്ഷം രൂപയാണ്. ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഇരുപതുലക്ഷം നല്‍കി. സാമ്പത്തികപ്രതിസന്ധി സിനിമയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ ബാക്കിയുള്ള പത്തുലക്ഷം നല്‍കിയാലേ താന്‍ ഡബ്ബ് ചെയ്യുകയുള്ളൂവെന്ന് സുരേഷ്‌ഗോപി സൂചിപ്പിച്ചു. അങ്ങനെ രണ്ടുവര്‍ഷം കഴിഞ്ഞ് കാവ്യത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ബാക്കിയുള്ള പത്തുലക്ഷം നല്‍കാന്‍ തയാറായി സുരേഷ്‌ഗോപിയെ സമീപിച്ചു. എന്നാല്‍ തന്റെ ശമ്പളം കൂടിയെന്നും പത്തുലക്ഷത്തിന് പകരം എഴുപതു ലക്ഷം രൂപ തന്നാല്‍ മാത്രമേ താന്‍ ഡബ്ബ് ചെയ്യുകയുള്ളൂവെന്നും സുരേഷ്‌ഗോപി വ്യക്തമാക്കിയതോടെ അനീഷ് വര്‍മ്മയെന്ന സംവിധായകന്‍ തന്റെ ഡ്രീം പ്രോജക്ടായ കാവ്യമെന്ന ചിത്രത്തെ വേദനയോടെ പെട്ടിയിലാക്കുകയായിരുന്നു. എഴുപതു ലക്ഷമെന്നത് തനിക്കു ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന അനീഷ് വര്‍മ്മ കരാര്‍ പ്രകാരമുള്ള പത്തുലക്ഷം രൂപ നല്‍കി കാവ്യം ഡബ്ബ് ചെയ്തു തരണമെന്ന അപേക്ഷയുമായി സുരേഷ്‌ഗോപിയുടെ കാരുണ്യം കാത്തു പിന്നാലെ നടക്കുകയാണ്.

kavyam-movie-poster

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ദുബായിലേക്കു പോയ അനീഷ് വര്‍മ്മ സിനിമയോടുള്ള ഭ്രാന്തമായ അഭിനിവേശം കൊണ്ടാണ് എറണാകുളത്തെത്തിയത്. ജോണി വാക്കര്‍ മുതല്‍ കണ്ണകി വരെയുള്ള സിനിമകളില്‍ ജയരാജിന്റെ അസിസ്റ്റന്റായിരുന്ന അനീഷ് വര്‍മ്മ തിളക്കത്തിലൂടെയാണ് നിര്‍മ്മാതാവിന്റെ മേലങ്കിയണിഞ്ഞത്. ജയരാജ് സംവിധാനം ചെയ്ത ‘തിളക്കം’ രണ്ടുകോടി പത്തുലക്ഷം രൂപയ്ക്കാണ് പൂര്‍ത്തിയാക്കിയത്. തിളക്കത്തിനു ശേഷം ‘അന്നൈ ഇല്ലം’ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. കലാഭവന്‍ മണി നായകനായ ‘യാത്ര ചോദിക്കാതെ’യാണ് പുതിയ സിനിമ.

തന്റെ ഡ്രീം പ്രോജക്ടായ ‘കാവ്യം’ തിയേറ്ററുകളിലെത്തിക്കുകയെന്നത് സംവിധായകന്റെ സ്വപ്നമാണ്. സുരേഷ്‌ഗോപിയുടെ ശബ്ദത്തിനായി കാത്തിരിക്കുകയാണ് അനീഷ് വര്‍മ്മ.
‘കാവ്യം എന്റെ സ്വപ്നചിത്രമാണ്. നമ്പൂതിരി കുടുംബത്തില്‍ ജനിച്ച ബുദ്ധിയുറയ്ക്കാത്ത മകന്റെയും അമ്മയുടെയും സ്‌നേഹത്തിന്റെ തരളിതമായ കഥയാണ് കാവ്യത്തിന്റെ ഇതിവൃത്തം.
2008ല്‍ ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിലമ്പാട്ടം എന്ന ചിത്രത്തിന്റെ കഥ സുരേഷ്‌ഗോപിയോട് പറയാനാണ് എറണാകുളത്ത് എത്തിയത്. അവന്യു റീജന്റ് ഹോട്ടലില്‍ വച്ച് ഞാന്‍ സുരേഷേട്ടനോട് ചിലമ്പാട്ടത്തെക്കുറിച്ച് സൂചിപ്പിക്കുന്നതിനിടയിലാണ് കാവ്യത്തിന്റെ കഥ പറഞ്ഞത്. കഥ ഇഷ്ടമായപ്പോള്‍ കുഞ്ഞുണ്ണിയെന്ന കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുന്നതെന്ന് സുരേഷേട്ടന്‍ എന്നോട് ചോദിച്ചു. ആരെയും തീരുമാനിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍ കുഞ്ഞുണ്ണിയായി അഭിനയിക്കാന്‍ തയാറാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.

എനിക്ക് സന്തോഷമായി. ഞാന്‍ കാവ്യത്തിന്റെ സ്‌ക്രിപ്റ്റ് സുരേഷേട്ടന് വായിക്കാന്‍ കൊടുത്തു. കഥ വായിച്ച് ഓക്കെ പറഞ്ഞപ്പോള്‍ ഷൂട്ട് തുടങ്ങുകയും ചെയ്തു. ഒറ്റപ്പാലത്തെ വരിക്കാശേരി മനയിലായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്. കുഞ്ഞുണ്ണിയെന്ന കഥാപാത്രവുമായി ഇഴുകിച്ചേര്‍ന്ന സുരേഷേട്ടന്‍ രാവിലെ ആറു മണി മുതല്‍ രാത്രി 12 മണിവരെയും യാതാരു ബുദ്ധിമുട്ടുമില്ലാതെ ചിത്രീകരണത്തില്‍ സഹകരിച്ചു. ചിത്രീകരണത്തിനിടയില്‍ സാമ്പത്തിക പ്രയാസമുണ്ടായി. ചിത്രീകരണം നിന്നുപോകുന്ന ഘട്ടം വന്നപ്പോള്‍ മാര്‍വാഡിയില്‍നിന്നും മുപ്പതുലക്ഷം രൂപയാണ് പലിശയ്‌ക്കെടുത്തത്. തുടക്കത്തിലെ പലിശ കഴിഞ്ഞ് 24 ലക്ഷത്തി അമ്പതിനായിരം രൂപയാണ് എനിക്കു കിട്ടിയത്. ഒറ്റപ്പാലത്തെത്തി യൂണിറ്റിലുള്ളവരുടെയൊക്കെ ബാധ്യത തീര്‍ത്തു.

എന്നാല്‍ സുരേഷേട്ടന് മൊത്തം മുപ്പതുലക്ഷം രൂപയാണ് കൊടുക്കേണ്ടിയിരുന്നത്. ഇതില്‍ ഇരുപതു ലക്ഷം രൂപ കൊടുക്കുകയും ചെയ്തു. ബാക്കി പത്തുലക്ഷം രൂപ ഡബ്ബിംഗിന് ശേഷം തരാമെന്നു പറഞ്ഞെങ്കിലും പത്തുലക്ഷം രൂപ കിട്ടിയാലേ ഡബ്ബ് ചെയ്യുകയുള്ളൂവെന്ന് സുരേഷേട്ടന്‍ പറഞ്ഞു. പിന്നെയും സാമ്പത്തിക പ്രതിസന്ധിയായി. സുരേഷേട്ടന്റെ ശബ്ദം മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ച് ആര്‍.ആര്‍. ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. 2010ല്‍ തെങ്കാശിയില്‍ ഒരു സിനിമയുടെ സെറ്റില്‍വച്ച് ലാപ്പ്‌ടോപ്പില്‍ കാവ്യം പൂര്‍ണ്ണമായും സുരേഷേട്ടന്‍ കണ്ടു. അനീഷേ ഞാനിത്രയും പ്രതീക്ഷിച്ചില്ലെന്നായിരുന്നു സുരേഷേട്ടന്റെ മറുപടി. ചിത്രം നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പത്തുലക്ഷം രൂപ ശരിയാക്കി ഡബ്ബ് ചെയ്തു തരണമെന്ന ആവശ്യവുമായി സുരേഷേട്ടനെ കാണാന്‍ ചെന്നപ്പോള്‍ തന്റെ ശമ്പളം കൂടിയെന്നും കാവ്യം ഡബ്ബ് ചെയ്യണമെങ്കില്‍ എഴുപതു ലക്ഷം രൂപ വേണമെന്നും സുരേഷേട്ടന്‍ പറഞ്ഞതോടെ കാവ്യമെന്ന എന്റെ ചിത്രം പുറത്തിറങ്ങില്ലെന്ന് ഉറപ്പായിരുന്നു. കാരണം പത്തുലക്ഷത്തിന് പകരം എഴുപതു ലക്ഷത്തിന് ഞാന്‍ എവിടെപ്പോകാന്‍.

അപ്പോത്തിക്കിരിയുടെ സെറ്റില്‍ ഞാന്‍ ചെന്ന് സുരേഷേട്ടനെ കണ്ടു. കാവ്യത്തില്‍ റെക്കോഡിംഗിന്റെ കാര്യത്തില്‍ ചില സജഷന്‍സ് സുരേഷേട്ടന്‍ എന്നോടു പറഞ്ഞപ്പോള്‍ മാറ്റം വരുത്താമെന്ന് ഞാന്‍ സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഡബ്ബ് ചെയ്യണമെങ്കില്‍ ഒരു എഗ്രിമെന്റ് വേണമെന്ന് സുരേഷേട്ടന്‍ പറഞ്ഞു. നിര്‍മ്മാതാവ് സജി കടമ്പഴിപ്പുറവുമായി സംസാരിച്ചു. അങ്ങനെ ദുബായില്‍ വച്ച് സജി കടമ്പഴിപ്പുറം സുരേഷേട്ടനെ കണ്ടപ്പോള്‍ ഡബ്ബ് ചെയ്യാന്‍ എഴുപതു ലക്ഷം രൂപ വേണമെന്ന പഴയ നിലപാടില്‍ മാറ്റമില്ലാതെ സുരേഷേട്ടന്‍ പറഞ്ഞതോടെ ഞങ്ങള്‍ വീണ്ടും വിഷമത്തിലായി. കാവ്യത്തിന്റെ പേരില്‍ വ്യക്തിപരമായി ഒരുപാട് നഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്ന ആളാണ് ഞാന്‍. സുരേഷേട്ടന്‍ ശബ്ദം നല്‍കിയാല്‍ കാവ്യം സിനിമ തിയേറ്ററിലെത്തുമെന്ന് സംവിധായകന്‍ അനീഷ് വര്‍മ്മ സിനിമാമംഗളത്തോട് പറഞ്ഞു.

അഭിനയിച്ച സിനിമകള്‍ ഒന്നിനു പുറകെ മറ്റൊന്നായി പരാജയപ്പെടുമ്പോഴും തങ്ങളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാന്‍ മുഖ്യധാരാ നായകനടന്മാര്‍ മത്സരിക്കുകയാണ്. ആദ്യ എഗ്രിമെന്റ് പ്രകാരമുള്ള ബാക്കി സംഖ്യ പത്തുലക്ഷം രൂപ നല്‍കാന്‍ തയാറാണെങ്കിലും ഡബ്ബിംഗിന് എഴുപതു ലക്ഷം രൂപ വേണമെന്ന സുരേഷ്‌ഗോപിയുടെ നിലപാട് ഒരു സിനിമയുടെ ഭാവി തുലാസില്‍ തൂക്കിയിട്ടിരിക്കുന്നു. താന്‍ നായകനായ ഒരു സിനിമ പരാജയപ്പെട്ടാല്‍ നിര്‍മ്മാതാവിനെ വിളിച്ച് അടുത്ത ചിത്രത്തിന് ഡേറ്റ് നല്‍കാന്‍ തയാറായ മനുഷ്യസ്‌നേഹിയും നിത്യഹരിത നായകനുമായിരുന്ന പ്രേംനസീറിനെപ്പോലുള്ളവര്‍ വിരാജിച്ച മലയാളസിനിമയില്‍ നിര്‍മ്മാതാവിനെ എങ്ങനെ കുത്തുപാളയെടുപ്പിക്കാമെന്ന് സ്വന്തം പ്രതിഫലം വര്‍ദ്ധിപ്പിച്ച് പരീക്ഷണം നടത്തുന്ന താരങ്ങള്‍ മലയാളത്തില്‍ വര്‍ദ്ധിച്ചുവരുകയാണ്.

കോടീശ്വരനിലൂടെ അശരണര്‍ക്കും ആലംബഹീനര്‍ക്കും കാരുണ്യം ചൊരിയുന്ന സുരേഷ്‌ഗോപി തന്റെ ശബ്ദമില്ലാത്തതിന്റെ പേരില്‍ മാത്രം ഒരു സിനിമ പെട്ടിയില്‍ കിടക്കുന്നത് വിസ്മരിക്കരുത്. സുരേഷ്‌ഗോപിയുടെ കാരുണ്യം കാത്ത് കഴിയുകയാണ് കാവ്യത്തിന്റെ അണിയറപ്രവര്‍ത്തകര്‍.