പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള സംവിധായകന്‍ മജീദ് മജീദിയുടെ സിനിമ വിവാദത്തില്‍.

ലണ്ടന്‍: ഇറാന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ഏറ്റവും പുതിയ സിനിമ വിവാദത്തില്‍. പ്രവാചകന്‍ മുഹമ്മദിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ലോകത്തിലെ പരമോന്നത സുന്നി പഠനകേന്ദ്രമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല ഇറാനോട് ആവശ്യപ്പെട്ടു.

ശിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇറാന്‍ നിര്‍മിച്ച സിനിമ രാജ്യത്തിന്റെ ചലച്ചിത്രചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ഞായറാഴ്ചയാണ് ആദ്യപ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. മുസ്ലിംകളുടെ മനസ്സില്‍ പ്രവാചകനെക്കുറിച്ചുള്ള വളച്ചൊടിക്കാത്ത പ്രതിച്ഛായ പരിരക്ഷിക്കുന്നതിനുവേണ്ടി പ്രദര്‍ശനം തടയണമെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Loading...

majid-majeedi

1979ലെ ഇസ്ലാമിക വിപ്‌ളവത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തെഹ്‌റാനില്‍ നടക്കുന്ന ഫാജിര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മാര്‍ച്ചില്‍ വിപുലമായ അന്താരാഷ്ട്ര റിലീസ് ഉണ്ടായിരിക്കും.

‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ എന്ന ചിത്രത്തിലൂടെ ആഗോള ചലച്ചിത്രപ്രേമികളുടെ മനംകവര്‍ന്ന മജീദ് മജീദി അഞ്ചുവര്‍ഷമെടുത്താണ് പുതിയ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രവാചകന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള രണ്ടാമത്തെ ചിത്രമാണിത്. 1976ല്‍ മുസ്തഫ അക്കാദ് സംവിധാനം ചെയ്ത ‘മെസേജ്’ ആയിരുന്നു ആദ്യചിത്രം. ശിയസുന്നി സംഘങ്ങള്‍ തമ്മിലോ പണ്ഡിതര്‍ തമ്മിലോ ഒരു വ്യത്യാസവുമില്ലാതിരുന്ന പ്രവാചകന്റെ ഒരു ജീവിതകാലമാണ് തങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നും മുസ്ലിംലോകത്തെ ഒരുമിപ്പിക്കുന്നതിനുവേണ്ടിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്നും മജീദി പറഞ്ഞു.

ലോകത്തിനു മുന്നില്‍ ഇസ്ലാമിന്റെ ശരിയായ മുഖം കാണിച്ചുകൊടുക്കുകയാണ് തന്റെ ഉദ്ദേശ്യമെന്നും മതത്തെപ്പറ്റിയുള്ള പൊതു കാഴ്ചപ്പാട് മതസൗന്ദര്യത്തെ മറച്ചുവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.