തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഔദ്യോഗിക രഹസ്യങ്ങള്‍ ആത്മകഥയില്‍ പരസ്യപ്പെടുത്തിയതിന് ജേക്കബ് തോമസിനെതിരെ നടപടി. എഡിജിപിയായി തരംതാഴ്ത്താനാണ് തീരുമാനം. സര്‍വീസ് ചട്ടം ലംഘിച്ച് പുസ്‌കമെഴുതിയത് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മെയ് 31 ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് നടപടി.
ജേക്കബ് തോമസിന്‍റെ ചട്ടലംഘനത്തില്‍ അന്വേഷണം നടത്തിയ അഡീഷണല്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ നടപടി.ഒരു മാസത്തിനുളളില്‍ ജേക്കബ് തോമസ് വിശദീകരണം നല്‍കണമെന്നും സര്‍ക്കാര്‍. ഇതാദ്യമായിട്ടാണ് കേരളത്തില്‍ ഒരു ഉദ്യോഗസ്ഥനെ തരം താഴ്ത്താന്‍ ഒരുങ്ങുന്നത്.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി ജേക്കബ് തോമസിനെയാണ് എഡിജിപിയായി തരംതാഴ്ത്താന്‍ പോകുന്നത്.ജേക്കബ് തോമസിനെ തരം താഴ്ത്തണമെന്ന അഢീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
തരം താഴ്ത്തും മുന്‍പ് ജേക്കബ് തോമസിനോട് വിശദീകരണം ചോദിക്കും. ഒരു മാസത്തിനുളളില്‍ വിശദീകരണം നല്‍കണം.സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയില്‍ പോലീസ് സര്‍വ്വീസിലെ രഹസ്യവിവരങ്ങള്‍ വെളിപെടുത്തിയെന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫിന്‍റെ പരാതി.
അഖിലേന്ത്യ സര്‍വ്വീസ് ചട്ടത്തിലെ കോണ്‍ടാക്റ്റ് റൂള്‍ 7, പോലീസ് ഫോഴ്സ് റെസ്ട്രിക്ഷന്‍ നിയമത്തിലെ 3(1) സി എന്നീവ ജേക്കബ് തോമസ് ലംഘിച്ചെന്നാണ് ഐഎഎസ് സമിതിയുടെ കണ്ടെത്തല്‍.ആത്മകഥയെഴതും മുന്‍പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. ഒപ്പം ഓഫീഷ്യല്‍ സീക്രസി ആക്ടിന്‍റെ ലംഘനവും സമിതി ചൂണ്ടികാട്ടിയിട്ടുണ്ട്.
വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് എഴുതിയ പുസ്തകം പ്രസാധനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിരുന്നെങ്കിലും പുസ്തകത്തിന്‍റെ സ്വഭാവം തിരിച്ചറിഞ്ഞ് അദ്ദേഹം പിന്‍മാറിയിരുന്നു.ഒരു വര്‍ഷത്തിലേറെ സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസ് നിലവില്‍ ഷൊര്‍ണൂര്‍ ആസ്ഥാനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്‍റെ മാനേജിംഗ് ഡയറക്ടറാണ്.
ജേക്കബ് തോമസ് നല്‍കുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ജേക്കബ് തോമസിനെ തരം താഴ്ത്തേണ്ടത്.ആദ്യം ആഭ്യന്തര മന്ത്രാലയവും പിന്നീട് അമിത്ഷായും കാണുന്ന ഫയല്‍ പ്രധാനമന്ത്രിയുടെ വകുപ്പായ പേഴ്സണ്ല്‍ മന്ത്രാലയത്തിലേക്ക് അയക്കും.
അതിന് ശേഷം പ്രധാനമന്ത്രിയും ഫയലില്‍ തീരുമാനം എടുക്കുകയും, യുപിഎസ്സിയുടെ പരിഗണനക്കായി അയക്കുകയും വേണം.യുപിഎസ്സി തീരുമാനം വന്ന ശേഷം വീണ്ടും പ്രധാനമന്ത്രിയുടെ പരിഗണനക്ക് വരുന്ന ഫയലില്‍ അന്തിമതീരുമാനം ഉണ്ടാകുമ്പോഴാവും ജേക്കബ് തോമസ് തരം താഴ്ത്തപെടുക.
സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ കേവലം ഒരു വര്‍ഷം മാത്രമുളള ജേക്കബ് തോമസിന്‍റെ സര്‍വ്വീസ് പീരിഡിനുളളില്‍ ഇതാകെ പൂര്‍ത്തീകരിച്ചങ്കില്‍ മാത്രമേ തരംതാഴ്ത്തല്‍ നിലവില്‍ വരു.നിലവില്‍ സംഘപരിവാര്‍ പരിപാടികളിലെ സാനിധ്യമായ ജേക്കബ് തോമസിനെ കേന്ദ്ര സര്‍ക്കാര്‍ തരം താഴ്ത്തുമോ എന്ന കണ്ടറിയണം.
സര്‍വ്വീസില്‍ ഗുരുതര ക്രമക്കേടുകള്‍ കാണിച്ച നിരവധി അഖിലേന്ത്യ സര്‍വ്വീസ് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശിലും, പഞ്ചാബിലും, ബിഹാറിലും തരം താഴ്ത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ഐപിഎസ് ഒാഫീസറെ തരം താരം താഴ്ത്തുന്നത്