ചെറുതോണി: ചക്കരയും പഞ്ചാരയും ജീവിതത്തില്‍ കാഞ്ഞിരമാകുന്നു പലര്‍ക്കും. ജില്ലയില്‍ നടക്കുന്ന പ്രേമ വിവാഹങ്ങളില്‍ ഭൂരിഭാഗവും തകരുന്നതായി കണ്ടെത്തല്‍. വര്‍ധിച്ചുവരുന്ന വിവാഹ മോചന കേസുകളിലും കുടുംബ കോടതി കേസുകളിലും വനിതാ കമ്മിഷന്റെ മുമ്പിലെത്തുന്ന കേസുകളിലും പ്രേമ വിവാഹത്തിനുശേഷം മോചനം നേടാനാഗ്രഹിക്കുന്നവരാണ് ഏറെയും.
സ്വപ്ന ലോകത്തുനിന്നും യഥാര്‍ഥ ജീവിത പശ്ചാത്തലത്തിലേയ്ക്ക് വരുമ്പോള്‍ ഉണ്ടാവുന്ന വ്യതിയാനമാണ് കൂടുതല്‍ ബന്ധങ്ങളും തകരാനുള്ള കാരണമെന്ന് വനിതാ കമ്മിഷനംഗം ഡോ. പ്രമീളാദേവി പറഞ്ഞു. കമിതാക്കളായിരിക്കുമ്പോള് നല്ല വശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് മുന്നോട്ടുപോകുന്നത്. രണ്ടു പേരും കഴിവതും തങ്ങളുടെ ജീവിതത്തിന്റെ യഥാര്‍ഥ വ്യക്തിത്വത്തെ മറച്ചു പിടിക്കുന്നതിനാഗ്രഹിക്കും.
വിവാഹത്തിലൂടെ ഒന്നിക്കുമ്പോള്‍ ആഗ്രഹിച്ചതുപോലുള്ള വ്യക്തിയും ജീവിതവും ലഭിക്കാതെ വരുകയും ലക്ഷ്യ ബോധത്തിലെ ശൂന്യത വ്യക്തി ജീവിതത്തിന്റെ യഥാര്‍ഥ മുഖം വെളിവാക്കാന്‍ ഇടവരുത്തുകയും ചെയ്യും.
കമിതാക്കളായിരുന്നപ്പോഴത്തെ ജീവിതവും വിവാഹ ശേഷമുള്ള യഥാര്‍ഥ ജീവിതവും തമ്മില്‍ പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും വിവാഹ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നതെന്ന് പ്രമീളാ ദേവി പറഞ്ഞു. വനിതാ കമ്മിഷന് മുമ്പിലെത്തിയ വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ 70 ശതമാനത്തിലധികം കേസുകളും പ്രേമവിവാഹങ്ങളായിരുന്നു. പ്രേമവിവാഹത്തില്‍ വ്യക്തികള്‍ സ്വമേധയായാണ് തീരുമാനമെടുക്കുന്നത്. ഇവിടെ മറ്റു വ്യക്തികളുടെ തീരുമാനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും പങ്ക് കുറവാണ്.
എന്നാല്‍ രണ്ടു കുടുംബങ്ങള്‍ ആലോചിച്ച് നടത്തുന്ന വിവാഹങ്ങളില്‍ പ്രശ്ന സാധ്യത ഉണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും പിന്തുണ ഉണ്ടാകുന്നെന്ന് കാരണവന്മാര് പറയുന്നു. കുടുംബ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അവയെ ബൗദ്ധികമായും വൈകാരികമായും തരണം ചെയ്യാനുള്ള ബോധം ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെടുന്നെന്ന തിരിച്ചറിവില്‍ നിന്നാണ് അമ്മ 2015, അമ്മ 2020 എന്നീ ബോധവത്കരണ പരിപാടികളുമായി മുന്നിട്ടിറങ്ങാന്‍ വനിതാ കമ്മിഷനെ പ്രേരിപ്പിച്ചതെന്ന് ഡോ. പ്രമീളാദേവി വ്യക്തമാക്കി. രണ്ടു തരത്തിലും പ്രായത്തിലുമുള്ളവരെ ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടികളാണ് കമ്മിഷന് സംഘടിപ്പിക്കുന്നത്.
വിവാഹ ജീവിതത്തില്‍ ഇക്കാലയളവില്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനാല് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹിതരാകാന്‍ പോകുന്ന യുവതികള്‍ക്കായി വിവാഹ ജീവിത്തില്‍ അനുവര്‍ത്തിക്കേണ്ട ജീവിതപാലന രീതികളെക്കുറിച്ചുള്ള ബോധവത്കരണമാണ് അമ്മ 2015 -ലൂടെ ലക്ഷ്യമിടുന്നത്.
15 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി പരിശീലനവും ബോധവത്കരണവുമാണ് അമ്മ 2020 -ലൂടെ നടത്തുന്നത്. മൊബൈലിലൂടെയും ഇന്റര്‍നെറ്റിലൂടെയും രൂപപ്പെടുന്ന ചതിക്കുഴികള്‍ തിരിച്ചറിയാനും അവയെ ആരോഗ്യകരമായ രീതിയില്‍ കൈകാര്യം ചെയ്യാനുമുള്ള പരിശീലനം നല്കുന്നു. മക്കളെയും വാര്‍ധക്യത്തിലെത്തിയിരിക്കുന്ന മാതാപിതാക്കളെയും എങ്ങനെ സംരക്ഷിക്കാം, ഏതെല്ലാം സംരക്ഷണ രീതികള്‍ അവലംബിക്കണം തുടങ്ങിയവും വ്യക്തമാക്കുന്നു. സ്ത്രീ ആരുടെയും അടിമയല്ലെന്നും പൂര്‍ണ വ്യക്തിത്വവും ചിന്താധാരയുമുള്ള വ്യക്തിത്വമാണെന്ന് തിരിച്ചറിവ് നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇന്നത്തെ പല കുട്ടികളും വഴിതെറ്റാനുള്ള കാരണം കുടുംബങ്ങളില്‍ ആവശ്യത്തിന് ശിക്ഷണവും മൂല്യബോധവും ലഭിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വനിതാ കമ്മിഷന് ഇത്തരമൊരു പരിശീലന ബോധവത്കരണ പരിപാടിയുമായി രംഗത്ത് വന്നതെന്നു ഡോ. പ്രമീളദേവി വ്യക്തമാക്കി.