ആ സമയത്ത് വിവാഹം കഴിക്കണമെന്ന് ശബരിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു; ദിവ്യ എസ് അയ്യര്‍

ശബരിനാഥന്റെയും ദിവ്യ എസ് അയ്യറുടെയും വിവാഹം മലയാളക്കര ഒന്നടങ്കം ഏറ്റെടുത്തതാണ്.2017 ജൂണിലായിരുന്നു വിവാഹം. ശബരിനാഥന്‍ പ്രണയം പറഞ്ഞതും, പ്രണയ നിമിഷങ്ങളും ഓര്‍ത്തെടുക്കുകയാണ് ദിവ്യ എസ് അയ്യര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ് പറഞ്ഞാണ് തങ്ങള്‍ പ്രണയത്തിലായതെന്നും ദിവ്യ ഓര്‍മ്മിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ് പറഞ്ഞാണ് ശബരിയും ഞാനും പ്രണയത്തിലായത്. പ്രചാരണം കഴിഞ്ഞ് എല്ലാ ദിവസവുമുള്ള വിശേഷങ്ങള്‍ ഫോണിലൂടെ ശബരി പറയുമായിരുന്നു. അങ്ങനെ പറഞ്ഞ് പറഞ്ഞ് അതൊരു പ്രണയമായി മാറി. ഐ.എ.എസുകാരിയായ ദിവ്യ എസ്. അയ്യര്‍ പ്രണയതുടക്കത്തിന്റെ നാളുകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്. ഞാന്‍ സബ് കളക്ടറായി തിരുവനന്തപുരത്തേക്ക് വന്നിട്ട് ആറുമാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ആദ്യം സംസാരിക്കുന്നത് ജില്ലയിലെ ആദിവാസിമേഖലയിലെ ഒരു പ്രശ്നത്തെക്കുറിച്ച്. സംസാരിച്ചുകഴിഞ്ഞപ്പോള്‍ സമാനമായ ആശയങ്ങള്‍ പിന്തുടരുന്നവരാണ് ഞങ്ങളെന്ന് പരസ്പരം തോന്നിയിരുന്നു.

വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ദൂരെ മാറി നില്‍ക്കുന്ന സമയമായിരുന്നു. അന്നാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കുന്നത്. ആ സമയത്താവാം ശബരിക്ക് വിവാഹം കഴിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം തോന്നുന്നത്. ഫോര്‍മലായിട്ടുള്ള പ്രൊപ്പോസല്‍ ഒന്നുമില്ലായിരുന്നു. എങ്കിലും വില്‍ യൂ മേരീ മീ എന്ന് ചോദിച്ചത് ശബരിയായിരുന്നു.

Loading...

സംഗീതം, അഭിനയം തുടങ്ങിയ താത്പര്യങ്ങളിലും സമാനതകളുണ്ടായിരുന്നു. അപരിചിതനായ ഒരാളോട് സംസാരിച്ചുതുടങ്ങുമ്‌ബോള്‍ പ്രിയപ്പെട്ട പുസ്തകമേതാണ്, പാട്ട് ഏതാണ് തുടങ്ങിയ കാര്യങ്ങളാണല്ലോ ആദ്യം ചോദിക്കുന്നത്. അത്തരം ഇഷ്ടങ്ങള്‍ പങ്കുവച്ചപ്പോഴും ബൗദ്ധികമായും ഒരേനിലവാരം പുലര്‍ത്തുന്ന ആളാണെന്ന് തോന്നി. ‘പങ്കാളിയെ സ്‌നേഹിക്കുക, പരസ്പരം മനസിലാക്കുക, നമ്മളില്‍ നിന്നും വ്യത്യസ്തമായ ആശയങ്ങള്‍ ഉണ്ടെങ്കില്‍ അതു പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക’- ഈ പ്രണയ ദിനത്തില്‍ തങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശം ഇതാണെന്ന് കെ.എസ്. ശബരിനാഥന്‍ എം.എല്‍.എയും ദിവ്യയും പറയുന്നു.