കൊവിഡ് ബാധിച്ച് തമിഴ്‌നാട്ടിലെ എംഎല്‍എ മരിച്ചു, ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധി

ചെന്നൈ: കൊവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ എംഎല്‍എ മരിച്ചു. ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകനാണ് മരിച്ചത്. 62 വയസ്സായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്‍പഴകന്‍ മരിച്ചത്. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു. കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുന്ന ആദ്യത്തെ ജനപ്രതിനിധിയാണ് അന്‍പഴകന്‍.

ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമാണ് ഇദ്ദേഹം. കൊവിഡ് പ്രവര്‍ത്തനത്തിന് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു ഇദ്ദേഹം. ജൂണ്‍ 2 നാണ് അന്‍പഴകനെ കൊവിഡ് ബാധിച്ച് ഡോ. റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ അദ്ദേഹത്തിന്റെ നില മോശമായി തുടരുകയായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Loading...

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. ദിനംപ്രതി പതിനായിരത്തിനടുത്ത് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് രാജ്യത്ത് പതിനായിരത്തിനടുത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതേസമയം ലോകത്ത് ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് അമേരിക്കയിലും ബ്രസീലിലുമാണ്. അതിന് തൊട്ടുപുറകെ ഇന്ത്യയാണ്. ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ ഉണ്ടാകുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതേസമയം തന്നെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തും നില്‍ക്കുകയാണ്.