ട്രംപും പളനിസ്വാമിയും അഴഗിരിയും ഡിഎംകെ അംഗങ്ങൾ: അമളി പിണഞ്ഞ് ഡിഎംകെയുടെ ഡിജിറ്റല്‍ അംഗത്വ വിതരണ പദ്ധതി

ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡിഎംകെ അം​ഗമോ?. ഇപ്പോൾ ഞെട്ടണ്ട. ഇനിയുമുണ്ട് ഡിഎംകെ അം​ഗങ്ങളുടെ പേരുകൾ. എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ എം കെ അഴഗിരി എന്നിവരെല്ലാം ഡിഎംകെ അംഗങ്ങളാണ്. ഡിഎംകെ പ്രഖ്യാപിച്ച ഡിജിറ്റല്‍ അംഗത്വ വിതരണ പദ്ധതിയിലാണ് ഇവരെല്ലാവരും പാര്‍ട്ടി അംഗങ്ങളായത്.

ട്രംപിനെയും പളനിസ്വാമിയെയും വരെ ഡിഎംകെ അംഗങ്ങളാക്കിയത് എല്ലോരും നമ്മുടന്‍ (എല്ലാവരും നമുക്കൊപ്പം) എന്ന പുതിയ അംഗത്വ വിതരണ പദ്ധതിയിലെ പിഴവുകളാണ്. മൊബൈല്‍ നമ്പറുള്ള, 18 വയസ്സായ ആര്‍ക്കും അംഗത്വം എടുക്കാവുന്ന തരത്തിലാണ് പദ്ധതിക്കായി പുറത്തിറക്കിയ പ്രത്യേക അംഗത്വ വിതരണ പോര്‍ട്ടലിലെ ക്രമീകരണം പാർട്ടി ചെയ്തിരിക്കുന്നത്.

Loading...

മൊബൈല്‍ നമ്പരും ഫോട്ടോയും ഉണ്ടെങ്കില്‍ ആര്‍ക്കും ആരുടെ പേരിലും ഡിഎംകെ അംഗത്വം എടുക്കാമെന്നതാണ് ഈ ഡിജിറ്റല്‍ പദ്ധതിയുടെ സവിശേഷത. പേര് ചോർത്താലുടൻ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കും. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഐപാക് കമ്പനിയാണ് ഡിജിറ്റല്‍ അംഗത്വ വിതരണം എന്ന ആശയത്തിനു പിന്നില്‍.

പാര്‍ട്ടിയില്‍ 30 വയസ്സില്‍ താഴെയുള്ള അംഗങ്ങള്‍ കുറയുന്നതായി സര്‍വേയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഡിജിറ്റല്‍ അംഗത്വ വിതരണത്തിന് തുടക്കമിട്ടത്. വ്യാജ അംഗങ്ങള്‍ കടന്നുകൂടിയതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ വിലയിരുത്തി അംഗത്വത്തിന് അംഗീകാരം നല്‍കാന്‍ ബൂത്ത് തലത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ഡിഎംകെ വക്താവ് ടി.കെ.എസ്.ഇളങ്കോവന്‍ പറഞ്ഞു.