പിതൃത്വത്തില്‍ സംശയിച്ച് ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ചു;.. പരിശോധനനടത്തിയപ്പോള്‍ സ്വന്തം കുട്ടി; തന്നെ സംരക്ഷിക്കില്ലെന്ന നിലപാടുമായി യുവാവ്

ഡിഎന്‍എ പരിശോധനയില്‍ സ്വന്തം കുട്ടിയെന്നു തെളിഞ്ഞിട്ടും സംരക്ഷിക്കാനാവില്ലെന്ന നിലപാടുമായി യുവാവ്. വനിതാ കമ്മീഷന്‍ അദാലത്തിലാണു സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച ഇയാള്‍ കുട്ടിയുടെ പിതൃത്വത്തില്‍ സംശയിച്ചു കമ്മീഷനു പരാതി നല്‍കുകയായിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്താണു പുരുഷന്റെ പരാതി കമ്മീഷന്‍ സ്വീകരിച്ചത്.

തുടര്‍ന്നു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ യുവാവാണു കുട്ടിയുടെ പിതാവെന്നു വ്യക്തമായി. എന്നിട്ടും ഭാര്യയെയും കുഞ്ഞിനെയും ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് യുവാവ് ഇന്നലെ കമ്മീഷനെ അറിയിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിനായി ഇയാളുടെ അമ്മയോട് അടുത്ത അദാലത്തില്‍ ഹാജരാകാന്‍ ഉത്തരവു നല്‍കിയിട്ടുണ്ട്.
യുവാവിന്റെ നടപടിയെ ശക്തമായി അപലപിച്ച കമ്മീഷന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ തന്നോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് പിഎഫ് ഓഫീസില്‍ ജോലി ചെയ്യുന്ന യുവതി കമ്മീഷനില്‍ നല്‍കിയ പരാതിയും ശ്രദ്ധിക്കപ്പെട്ടു. എതിര്‍കക്ഷി കമ്മീഷനില്‍ ഹാജരായിട്ടും പരാതിക്കാരിയായ യുവതി ഹാജരായില്ല. തുടര്‍ന്നു കമ്മീഷന്‍ നേരിട്ട് ഇവരുടെ ഓഫിസില്‍ വിളിച്ച് അന്വേഷണം നടത്തി. കാരണം കൂടാതെ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഇവര്‍ തുടര്‍ച്ചയായി പരാതി നല്‍കുന്നതായും കണ്ടെത്തി. ഇതിനോടകം 13 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. എതിര്‍കക്ഷിയുടെ ആരോപണം ഗൗരവമായി എടുത്തെന്നും വ്യാജ പരാതി നല്‍കിയ യുവതിക്കെതിരെ നടപടിയെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു

Loading...