ഗജരാജനെ സ്പര്‍ശിച്ചവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ.. ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടുണ്ട്, കാട്ടിലുള്ള പാവത്തെ ഉപയോഗിക്കുന്ന പണക്കൊതിയന്മാര്‍, തലയ്ക്കകത്ത് ചാണകമല്ലെങ്കില്‍ ചിന്തിക്കൂ, ഡോക്ടറുടെ കുറിപ്പ്

പൂരാവേശത്തിലാണ് മലയാളികളെല്ലാം. ഇത്തവണത്തെ തൃശൂര്‍ പൂരം പതിവിലും വിപരീതമായി വിവാദത്തിലായിരിക്കുകയാണ്. പൂരത്തിന് എഴുന്നള്ളിക്കേണ്ട ഗജരാജ വീരന്റെ പേരില്‍ ആനപ്രേമികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലുമായി. പൂരത്തിന്റെ വിളമ്പരമായി അറിയപ്പെടുന്ന വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങില്‍ വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാറുള്ള ഗജരാജവീരന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ പൂരത്തില്‍ എഴിന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന് തൃശൂര്‍ ജില്ല കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.

ആനപ്രേമികളുടെ ആരാധ്യനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്ലാതെ പൂരത്തിനില്ലെന്നാണ് അവരുടെ വാദം. രാമചന്ദ്രനില്ലെങ്കില്‍ തങ്ങളുടെ ആനകളെ പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് സംഘടനകളും പറയുന്നു. ഇതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നത്. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ഗജരാജന്‍ എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കും വരെയും തലയെടുപ്പോടെ പിടിച്ചുനില്‍ക്കുമെന്നതാണ് പ്രത്യേകത. ഇതൊക്കെയുണ്ടെങ്കിലും അക്രമത്തിന്റെ കാര്യത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡാണുള്ളത്.

Loading...

ഇതുവരെ ആറ് പാപ്പാന്‍മാരും നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഈയിടെ മരിച്ച രണ്ടുപേരുള്‍പ്പെടെ 13 പേരെ തെച്ചിക്കോട്ട് രാമചന്ദ്രന്‍ കൊന്നിട്ടുണ്ട്. 2013 ജനുവരി 27ന് പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകള്‍ മരിച്ചു. ജനുവരി 25ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ആറു വരെയും രാത്രി 12 മുതല്‍ 26നു പുലര്‍ച്ചെ അഞ്ചുമണിവരെയും കുന്നംകുളത്തിനടുത്ത് ഈ ആനയെ എഴുന്നള്ളിച്ചിരുന്നു. അതിനു ശേഷം കോട്ടയത്തേക്കു കൊണ്ടുപോയ ഈ ആനയെ 26നു പകലും രാത്രിയും അവിടെയും വിശ്രമമില്ലാതെ എഴുന്നള്ളിച്ച ശേഷമാണ് 27നു പുലര്‍ച്ചെ പെരുമ്പാവൂരിലേക്കു കൊണ്ടുവരുന്നത്. 160 കിലോമീറ്ററിലേറെയാണ് ഈ ആന അന്ന് 48 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്തത്.

ഇതിനു മുന്‍പും രാമചന്ദ്രന്‍ ഇടഞ്ഞു ആളുകളെ കൊന്നിട്ടുണ്ട്. 2009ല്‍ ഏറണാകുളത്തപ്പന്‍ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി. 2011ല്‍ ഒരു ബാലനെയും ഈ ആന കൊന്നിരുന്നു.

2019 ഫെബ്രുവരി എട്ടിന് തൃശൂരില്‍ ഗൃഹപ്രവേശത്തിന് മോടികൂട്ടാനായി കൊണ്ടുവന്ന രാമചന്ദ്രന്‍ ഇടഞ്ഞ് ഒരാളെ ചവിട്ടിക്കൊല്ലുകയുണ്ടായി. കാഴ്ചശക്തിയില്ലാത്ത അമ്പതുവയസ്സിനുമുകളില്‍ പ്രായമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സമീപത്തുനിന്നും പടക്കം പൊട്ടിച്ചപ്പോള്‍ ശബ്ദം കേട്ട് വിരണ്ടോടുന്നതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഇതുകൂടാതെ മറ്റാരു ആനയെയും രാമചന്ദ്രന്‍ ആക്രമിച്ചുകൊന്നിട്ടുണ്ട്. ചെറിയ അനക്കങ്ങള്‍ക്കുപോലും അക്രമാസക്തമാകുന്ന ആനയെ പൂരത്തിന് എഴുന്നള്ളിക്കേണ്ടെന്ന് തന്നെയാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്. എന്നാല്‍ ചിലര്‍ ഇതൊന്നും വകവെക്കാതെ രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയാണ്. ഇത്തരക്കാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കുറിപ്പാണ് കോട്ടം സ്വദേശിയായ ഡോ. ജിനേഷ് പി എസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ആന അക്രമിച്ചുകൊന്നവരെ പരിശോധിച്ച, മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്.