അനസ്‌തേഷ്യ നല്‍കി 17കാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

കോയമ്പത്തൂര്‍: 17കാരിയായ നഴ്‌സിംഗ് സ്റ്റുഡന്റിനെ അനസ്‌തേഷ്യ നല്‍കി പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. 47 കാരനായ ഡോക്ടര്‍ രവീന്ദ്രനാണ് സിംഗനെല്ലൂരിലെ തന്റെ ആശുപത്രിയില്‍ ട്രയിനിയായ നഴ്‌സിനെ അനസ്‌തേഷ്യ നല്‍കി പീഡിപ്പിച്ചത്. മറ്റ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും സമാനമായ പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിച്ചതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് ഡിണ്ടിഗല്‍ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ട്രയിനിംഗിനായി ആശുപത്രിയിലെത്തിയിട്ടുള്ളത്. ഇതില്‍ 17കാരിയായ പെണ്‍കുട്ടിയ്ക്ക് പനിയായതിനെ തുടര്‍ന്നാണ് ഡോക്ടറെ സമീപിച്ചത്. പനിയ്ക്ക് മരുന്ന് നല്‍കുകയാണെന്ന വ്യാജേന ഇയാള്‍ പെണ്‍കുട്ടിയ്ക്ക് ഇഞ്ചക്ഷന്‍ നല്‍കുകയായിരുന്നു. എന്തിനാണ് ഇഞ്ചക്ഷന്‍ എന്ന് അന്വേഷിച്ച് പെണ്‍കുട്ടിയോട് വൈറ്റമിന്‍ മരുന്നാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അനസ്‌തേഷ്യയ്ക്കുള്ള മരുന്നാണ് പെണ്‍കുട്ടിയില്‍ ഡോക്ടര്‍ കുത്തിവച്ചത്.

Loading...

മയക്കം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. ഒരു പാട് നേരത്തെ ചെറുത്തുനില്‍പ്പുകള്‍ക്കൊടുവില്‍ ഡോക്ടറുടെ മുറിയില്‍നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി വരാന്തയില്‍ അബോധാവസ്ഥയില്‍ ഇരിക്കുന്നത് കണ്ട് ഒപ്പമുള്ളവര്‍ ഞെട്ടി. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവച്ചത്.

ഉടന്‍തന്നെ കുട്ടികള്‍ ഇക്കാര്യം ഡോക്ടറുടെ ഭാര്യയെ അറിയിച്ചു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് അവര്‍ ഉറപ്പ് നല്‍കിയെങ്കിലും മറ്റ് കുട്ടികള്‍ക്കും സമാനമായ അനുഭവം ഉണ്ടായതോടെയാണ് ഇവര്‍ ഇക്കാര്യം കോയമ്പത്തൂരിലെ ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. പെണ്‍കുട്ടികളുടെ പരാതിയില്‍ അറസ്റ്റിലായ രവീന്ദ്രനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.