ഗർഭപാത്രത്തിനു പുറത്തെ ഗർഭധാരണം; രോഗിയെ തലനാരിഴയ്ക്ക് രക്ഷപ്പെടുത്തിയ ഡോക്ടറുടെ അനുഭവക്കുറിപ്പ്!

വളരെ ആത്മവിശ്വാസത്തോടെ അവർ പറഞ്ഞു. ഡോക്ടറേ, ഇപ്പോൾ പിരീഡ്സിന്റെ നാലാം ദിവസം ആണെന്ന്. വീണ്ടും എടുത്ത് ചോദിച്ചപ്പോൾ ഇപ്പോൾ പിരീഡ്സിന്റെ നാലാം ദിവസം ആണെന്ന് അവർ ആവർത്തിച്ചു. കഴിഞ്ഞമാസം പിരീഡ്സ്‌ വന്നിരുന്നില്ലെന്ന് പതിഞ്ഞ ശബ്ദത്തിൽ പറയുകയും ചെയ്തു.”- തലനാരിഴയ്ക്ക് ആൾക്കൂട്ട വിചാരണയിൽ നിന്നും രക്ഷപ്പെട്ട ഒരു ഡോക്ടറുടെ വാക്കുകളാണിത്. എന്തിനും ഏതിനും ഡോക്ടർമാരെ കുറ്റം പറയുന്ന, രോഗി മരിച്ചാൽ അനാസ്ഥയെന്നു പറഞ്ഞ് വിമർശിക്കുന്നവർ ഡോ. ആഷിക് ജോസ് ടോം എഴുതിയ ഈ അനുഭവക്കുറിപ്പ് ഉറപ്പായും വായിക്കണം.

ഡോക്‌ടറു‌ടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

പിജി എൻട്രൻസ് പരീക്ഷ എന്ന ജീവിതത്തിലെ ഒരിക്കലും തീരാത്ത അടുത്ത വഴിത്തിരിവിനു വേണ്ടി പഠിച്ചു തുടങ്ങാൻ മനസ്സും ശരീരവും മടി കാണിക്കുന്നതിനാൽ തൽക്കാലത്തേക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നൈറ്റ് കാഷ്വാലിറ്റി ഡ്യൂട്ടി എടുക്കുന്നു. അങ്ങനെ ഒരു രാത്രിയിൽ ഏകദേശം ഒരു 10 മണിയ്ക്കാണ് ഈ കഥയിലെ നായികയുടെ രംഗപ്രവേശം. പുറത്തുനിന്ന് ഭക്ഷണം കഴിച്ച് ഗ്യാസ് കേറി വയറു കമ്പിച്ച് ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട് എന്നതാണ് ഏകദേശം ഒരു ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന ഈ 32 വയസ്സുകാരിയുടെ പരാതി.

ഇതുപോലെ സ്ഥിരം കാണുന്ന പ്രശ്നം ആയതുകൊണ്ടും പരിശോധനയിൽ വേറെ കുഴപ്പങ്ങൾ ഒന്നും കാണാത്തത് കൊണ്ടും ഇഞ്ചക്ഷൻ, മരുന്ന് തുടങ്ങിയവ കൊടുത്തു വിട്ടു. പിറ്റേന്ന് രാവിലെ 8 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നേരം ഇതേ വ്യക്തി കടുത്ത പനിയും വയറു വേദനയും ആയി വന്നു. രക്തപരിശോധനയിലൂടെ അണുക്കളുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നതിനാൽ സീനിയർ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം അവരെ അഡ്മിറ്റ് ആക്കി. ഹിസ്റ്ററി ചോദിക്കുമ്പോൾ വളരെ വ്യകതമായിത്തന്നെ പീരിയഡ്സിനെ പറ്റി ചോദിക്കുക ഉണ്ടായി (ഗർഭിണി അല്ലെന്ന് ഉറപ്പ് വരുത്താൻ).

വളരെ ആത്മവിശ്വാസത്തോടെ അവർ പറഞ്ഞു “ഇപ്പൊ പീരിയഡ്സിന്റെ നാലാം ദിവസം ആണെന്നു. അങ്ങനെ ആന്റിബയോട്ടിക് ഇഞ്ചക്ഷനും മറ്റു മരുന്നുകളും ഓർഡർ എഴുതി അവരെ അഡ്മിറ്റ് ആക്കി ഞാൻ ഇറങ്ങി. പിറ്റേദിവസം രാത്രി ഡ്യൂട്ടി ടൈമിൽ വാർഡിൽ നിന്ന് വിളിച്ചു. ചെന്ന് നോക്കിയപ്പോൾ ഇതേ സ്ത്രീ. തലകറക്കം, വയറു വേദന, കടുത്ത തളർച്ച എന്നിവയാണ് ഇപ്പൊ പരാതി.

വീണ്ടും ഒരു രക്തപരിശോധന നടത്തിയപ്പോൾ ശരീരത്തിൽ രക്തത്തിന്റെ അളവ് സൂചിപ്പിക്കുന്ന ഹീമോഗ്ലോബിൻ ഒറ്റദിവസം കൊണ്ട് 11 ൽ നിന്ന് 7.5 ലേക്ക് കുറഞ്ഞതായി കണ്ടു. വീണ്ടും എടുത്ത് ചോദിച്ചപ്പോൾ ഇപ്പൊ പീരിയഡ്സിന്റെ നാലാം ദിവസം ആണെന്നു ആവർത്തിച്ചതിനൊപ്പം “കഴിഞ്ഞ മാസം periods വന്നിരുന്നില്ല” എന്ന് കൂടി പറഞ്ഞു. ഉടൻ തന്നെ Urine Pregnancy test നടത്തിയപ്പോൾ പോസിറ്റീവ്. ചിത്രം വ്യക്തം. “Ectopic Pregnancy rupture ”ഉടൻതന്നെ gynecologistne വിവരം അറിയിച്ചു വയറു തുറന്ന് ശസ്ത്രക്രിയ നടത്തിയതിനാൽ ആളു രക്ഷപെട്ട്. ആർത്തവം ഇപ്പൊ ഒരു സംസാര വിഷയം ആയതിനാലും ആർത്തവത്തെ പറ്റിയുള്ള തെറ്റായ ഹിസ്റ്ററി കാരണം വളരെ അപകടകരമായ നിലയിലേക്ക് രോഗി പോയത് കൊണ്ടും എഴുതി എന്നുമാത്രം .

NB: സാധാരണ രീതിയിൽ ലൈംഗീക ഇടപെടലിനു ശേഷം ഗർഭം ധരിക്കുന്നത് ഗർഭപാത്രത്തിലാണ്. പത്തു മാസത്തെ വളർച്ചയെത്തുന്നതിനനുസരിച്ച് വികാസം സംഭവിക്കാനുള്ള ഒരു സവിശേഷത ഗർഭപാത്രത്തിനുണ്ട്. ഗർഭപാത്രത്തിന്നു പകരം ഗർഭം ധരിക്കപ്പെടുന്നത് ചിലപ്പോൾ അണ്ഡം വഹിക്കുന്ന കുഴലിലോ അതുമല്ലെങ്കിൽ അണ്ഡാശയത്തിൽ തന്നെയോ ആകാം. അതിനാൽത്തന്നെ ഈ അവസ്ഥകളെ common ആയി പറയപ്പെടുന്നത് ectopic pregnancy എന്നാണ്. (ഗർഭപാത്രത്തിനു പുറത്തുള്ള ഗർഭധാരണം).

പത്തു മാസം പോയിട്ട് രണ്ട് മാസം ഗർഭം വഹിക്കാനുള്ള കഴിവില്ലാത്തവരാണ് ഇപ്പറഞ്ഞ fallopian tube ഉം ovary ഉം. അത് കൊണ്ട് തന്നെ ഒരു മാസത്തിനു ശേഷം മേൽ പറഞ്ഞ ഭാഗങ്ങൾ പൊട്ടി വയറിലേക്ക് കലശലായ രക്തസ്രാവം ഉണ്ടാകുകയും ,ശരീരത്തിലെ രക്തം സാവധാനം വാർന്ന് രോഗി മരണത്തിലേക്ക് കാലെടുത്തു വെയ്ക്കുകയും ചെയ്തേക്കാം. ഈ സംഭവ പരമ്പരയെ ectopic rupture എന്ന് പറയുന്നത്. ഇവിടെ ആ സ്ത്രീക്ക് പറ്റിയ തെറ്റ് ഒരു മാസം പീരിയഡ്സ് വരാതെ ഇരുന്നിട്ടും പ്രസവ പരിശോധന നടത്തിയില്ല എന്ന് മാത്രമല്ല എക്ടോപിക് ബ്ലീഡിങ് തെറ്റിദ്ധരിച്ച് ഇപ്പൊൾ പീരിയഡ്സ് ആണെന്നു ഉറപ്പിച്ചുപറഞ്ഞത് കൂടിയാണ്.

വാൽ കഷണം: ശസ്ത്രക്രിയക്ക് ശേഷം ആ രോഗി ഇപ്പൊ സുഖമായി ഇരിക്കുന്നു. ഇത് വല്ലോം മിസ്സ് ആയിരുന്നെങ്കിൽ പിറ്റേദിവസം ഫെയ്സ്ബുക് ഫുൾ ഞാൻ നിറഞ്ഞുനിന്നെനെ.”ഡോക്ടറുടെ അനാസ്ഥ കാരണം രോഗി അപകടത്തിൽ എന്ന്.” അന്നെന്തോ ഭാഗ്യത്തിന് Hb നോക്കിയത് കൊണ്ട് ഞാൻ രക്ഷപെട്ടു.

Top