ഉത്ര വധം; പാമ്പിനെ ഉപദ്രവിക്കാതെ കടിക്കില്ല, സൂരജ് പാമ്പിനെ നഖം കൊണ്ട് വേദനിപ്പിച്ചതായി സൂചന

കൊല്ലം: ഉത്ര വധത്തില്‍ നിര്‍ണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രതി സൂരജിന്റെ വാദങ്ങള്‍ തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രകോപനമില്ലാതെ പാമ്പ് ആരേയും കടിക്കില്ല, പാമ്പിനെ വലിച്ചെറിഞ്ഞാല്‍ പാമ്പിന് കൊത്താന്‍ കഴിയില്ലെന്നും പാമ്പ് ചികിത്സാ കേന്ദ്രത്തിലെ ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടര്‍ പങ്കജാക്ഷന്‍ വ്യക്തമാക്കുന്നു. ഉത്രയുടെ നേര്‍ക്ക് മൂര്‍ഖന്‍ പാമ്പിനെ വലിച്ചെറിഞ്ഞപ്പോഴാണ് പാമ്പ് രണ്ടു തവണ കൊത്തിയെന്ന പ്രതി സൂരജിന്റെ മൊഴി ഡോക്ടര്‍ പങ്കജാക്ഷന്‍ തള്ളി.പ്രകോപനമില്ലാതെ പാമ്പുകള്‍ ആക്രമിക്കില്ലെന്ന് അദ്ദഹം ചൂണ്ടികാട്ടി.

മൂര്‍ഖന്‍ പാമ്പ് തീണ്ടിയാല്‍ മനുഷ്യ ശരീരത്തിലെ ശ്വാസകോശത്തെയാണ് ആദ്യം ബാധിക്കുകയെന്നും ഡോ പങ്കജാക്ഷന്‍ വ്യക്തമാക്കുന്നു. അതേ സമയം, ഉത്രാ കേസില്‍ അന്വേഷണ സംഘം ആരോഗ്യ രംഗത്തെ വിദഗ്ദ്ധരായ ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടര്‍മാരുടെ വിദഗ്‌ദ്ധോപദേശം തേടി.ക്രിട്ടിക്കല്‍കേയര്‍ ചികിത്സാ രംഗത്ത് പാമ്പു കടിയേല്‍ക്കുന്നവരെ ചികിത്സിക്കുന്നതില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിന്റെ പരിചയ സമ്പത്തിന്റെ ഉടമയാണ് ഫിസിഷന്‍ കൂടിയായ ഡോക്ടര്‍ പങ്കജാക്ഷന്‍.

Loading...

അതേസമയം ഉത്ര വധക്കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ പൊലീസിനെതിരെ രം​ഗത്ത് വന്നു. ഉത്രയുടെ മാതാപിതാക്കൾ മരണത്തിൽ ആദ്യം തന്നെ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പൊലീസിന്റെ വീഴ്ചയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ വിമർശിച്ചു. മൃതദേഹം ദഹിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനും ജോസഫൈൻ നിർദ്ദേശം നൽകി. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ വനിതാകമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈൻ പറഞ്ഞു. കൊല്ലം റൂറൽ എസ്പി ഇക്കാര്യം അന്വേഷിക്കണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ അഞ്ചൽ സിഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈൻ വ്യക്തമാക്കി.