വൈകീട്ട് നിലക്കടലയും കൂട്ടി മൂന്നണ്ണം അടിക്കാമെന്ന് മദ്യത്തിന് കുറിപ്പടി; ഡോക്ടര്‍ പെട്ടു

കൊച്ചി: ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മദ്യം ലഭിക്കാത്തതിന്റെ പേരില്‍ ആറ് ആത്മഹത്യകളാണ് രണ്ട് ദിവസത്തിനുള്ളില്‍ നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മദ്യം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മദ്യം ലഭ്യമാക്കാന്‍ ഡോക്ടറുടെ കുറിപ്പടി കൊണ്ടു വന്നാല്‍ നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഈ സമയത്താണ് ഒരു ഡോക്ടര്‍ എഴുതിയ കുറിപ്പടി വിവാദമാകുന്നത്. സംഭവം ഇങ്ങനെ, ആല്‍ക്കഹോള്‍ വിത്‌ഡ്രോവല്‍ ലക്ഷണത്തിന് വൈകീട്ട് നിലക്കടലയും കൂട്ടി മൂന്നെണ്ണം അടിക്കാം എന്നായിരുന്നു ഡോക്ടര്‍ കുറിപ്പെഴുതിയത്.

കുറിപ്പെഴുതി സുഹൃത്തുക്കൾക്ക് വാട്സ് ആപ്പിൽ അയച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഡോ. എം.ഡി. രഞ്ജിത്തിനോട്‌ എക്സൈസ് വിശദീകരണം തേടി.ആൽക്കഹോൾ വിത്ഡ്രോവൽ സിൻട്രമുള്ളയാൾക്ക് വൈകിട്ട് മൂന്നെണ്ണം നിലക്കടലയും കൂട്ടി അടിയ്ക്കാമെന്നായിരുന്നു നോര്‍ത്ത് പറവൂര്‍ സ്വദേശിയും അഞ്ജലി ആയുര്‍വേദിക് ക്ലിനിക് ഉടമയുമായ ഡോ. എം.ഡി. രഞ്ജിത്തിന്റെ കുറിപ്പടി. 48കാരനായ പുരുഷോത്തമന് മദ്യം നല്‍കണമെന്നായിരുന്നു ഇത്. കുറുപ്പടി മണിക്കൂറുകൾക്കകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

Loading...

കുറിപ്പടിക്ക് പിന്നിലെ വസ്തുത ഇതാണ്. ഡോ. എം.ഡി. രഞ്ജിത് തന്നെയാണ് സ്വന്തം ലെറ്റർപാഡിൽ മരുന്നായി മദ്യം കുറിച്ചത്. സുഹൃത്തുക്കളടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇത് ഷെയർ ചെയ്തു. ഉടൻ തന്നെ ഡിലീറ്റ് ചെയ്തെങ്കിലും സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കൾ ഇത് പ്രചരിപ്പിച്ചു. തുടർന്ന് ഡോക്ടർക്ക് നിർത്താതെ ഫോൺ കോളുകളും.അവസാനം ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഡോക്ടർ വിശദീകരണക്കുറിപ്പും ഇറക്കി, കുറുപ്പടിയിലെ ഒരു കൈപിഴവാണ്. മാപ്പാക്കണം. എങ്കിലും എക്സൈസ് വകുപ്പ് വിട്ടില്ല. ഡോക്ടരെ നേരിട്ട് വിളിച്ച് വിശദീകരണം തേടി. കുറുപ്പടി ഇത്ര പ്രശ്നമാകുമെന്ന് ഡോക്ടർ രഞ്ജിത്തും വിചാരിച്ചില്ല.

ആൽക്കഹോൾ വിത്ഡ്രോവൽ സിൻട്രമുള്ളയാളുകൾക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം നൽകാമെന്ന് മുഖ്യന്ത്രിയും പറഞ്ഞിരുന്നു. മദ്യം ലഭിയ്ക്കാത്തതിനെത്തുടർന്ന് നിരവധി ആളുകൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ ഡോക്ടർമാർക്ക് മദ്യത്തിന്റെ കുറിപ്പടി നൽകാനാവില്ലെന്ന് ഐഎംഎ വ്യക്തമാക്കി. ശാസ്ത്രീയമായ ചികിത്സയാണ് ഇതിന് നൽകേണ്ടതെന്നാണ് ഐഎംഎയുടെ നിലപാട്