ഹൈദരാബാദ്: ലോകരാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസിനെ തുരത്താനുള്ള കഠിനശ്രമത്തിലാണ് രാജ്യങ്ങളെല്ലാം തന്നെ. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വെല്ലുവിളിയാകുന്നത് എപ്പോഴും ബോധവത്ക്കരണമാണ്. ബോധവത്ക്കരണം നടത്തുക എന്നത് തന്നെയാണ് അധികാരികള്‍ക്ക് ഏറ്റവും തലവേദനയാകുന്നത്. ഇത്തരത്തില്‍ ബോധവല്‍ക്കരണത്തിനായി പല മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന പൊലീസുകാരെയും നമുക്കറിയാം. അടിച്ചോടിച്ചും പാട്ടു പാടി മനസ്സിലാക്കിയും ക്ലാസ് എടുത്ത് പറഞ്ഞ് വിടുന്നുമായ നിരവധി പൊലീസുകാര്‍.
ഇന്ത്യയും ഇത്തരത്തിലുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയുമാണ് ഇന്ത്യയും പ്രതിരോധിക്കുന്നത്. അതേസമയം കൊറോണക്കാലത്ത് നമ്മള് ഏറ്റവും കൂടുതല്‍ സംസാരിച്ചതും കൊറോണയെന്നും കൊവിഡ് എന്നും ആയിരിക്കും. ഇരട്ടകള്‍ക്ക് കൊറോണ, കൊവിഡ് എന്ന പേര് നല്കിയ സംഭവും ലോക്ഡൗണ്‍ എന്ന പേരു നല്കിയതും ഒക്കെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ കൊറോണ അവബോധത്തിനായി നവജാത ശിശുക്കള്‍ക്ക് ഡോക്ടര്‍ നല്‍കിയിരിക്കുന്ന പേര് കൊറോണ കുമാറും കൊറോണ കുമാരിയും എന്നാണ്.
ആന്ധ്രാപ്രദേശിൽ നിന്നും സമാനമായ ഒരു പേരിടൽ വാർത്തയാണ് ഇപ്പോൾ വരുന്നത്. എന്നാൽ ഇത്തവണ പേരിന് കുറച്ച് വ്യത്യസ്തതയുണ്ട്. കഡപ്പയിലെ വെമ്പള്ളി ഗ്രാമത്തിൽ ജനിച്ച രണ്ട് കുട്ടികൾക്ക് നൽകിയ പേര് കൊറോണ കുമാർ എന്നും കൊറോണ കുമാരി എന്നുമാണ്.ഇവിടെ എസ്എഫ് ബാഷ ആശുപത്രിയിൽ സിസേറിയനിലൂടെ ജനിച്ച കുട്ടികൾക്ക് അവരെ പുറത്തെടുത്ത ഡോക്ടർ തന്നെയാണ് ഈ പേര് നിർദേശിച്ചത്. ‘എല്ലാവരും ഇപ്പോൾ കൊറോണ വൈറസിനെ കുറിച്ചാണ് സംസാരിക്കുന്നത്. അപ്പോൾ ഇക്കാര്യത്തിൽ ഒരു അവബോധം സൃഷ്ടിക്കണമെന്ന് തോന്നി. അതുകൊണ്ട് തന്നെ രണ്ട് കുട്ടികളുടെയും മാതാപിതാക്കളുമായി സംസാരിച്ചു. അവരുടെ കൂടെ സമ്മതത്തോടെയാണ് കുഞ്ഞുങ്ങൾക്ക് ഈ പേര് നൽകിയത്’.. ഡോക്ടറായ ഷെയ്ഖ് ഫകൈർ ബാഷ പറഞ്ഞു.